ദുബായ്: വെടിക്കെട്ടുകളും ദീപാലങ്കാരങ്ങളും സംഗീതമേളകളും പൊടിപൊടിച്ച ആഘോഷരാവില്‍ ജനം അത്യാഹ്ലാദത്തോടെ പുതിയ വര്‍ഷത്തെ വരവേറ്റു. കടല്‍ത്തീരങ്ങള്‍, പാര്‍ക്കുകള്‍, ഹോട്ടലുകള്‍ എന്നിങ്ങനെ വിവിധ കേന്ദ്രങ്ങളിലായി നടന്ന ആഘോഷങ്ങളില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുത്തത്. പുതിയ സ്വപ്‌നങ്ങളും പ്രത്യാശകളും പ്രതീക്ഷകളുമായാണ് എല്ലാവിഭാഗം ജനങ്ങളും ആഘോഷങ്ങളില്‍ ലയിച്ചിറങ്ങിയത്.

യു.എ.ഇ.യില്‍ ഇത്തവണയും ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം ഡൗണ്‍ടൗണും ബുര്‍ജ് ഖലീഫയുമായിരുന്നു. പുറം രാജ്യങ്ങളില്‍ നിന്നുവരെ ആയിരങ്ങളാണ് ആഘോഷം കാണാനായി എത്തിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വെടിക്കെട്ടിന് പകരം ഇത്തവണ ലൈറ്റ് ആന്‍ഡ് സൗണ്ട് പരിപാടിയായിരുന്നു ബുര്‍ജ് ഖലീഫയില്‍ ഒരുക്കിയത്. പത്ത് ലക്ഷത്തിലേറെ പേരാണ് ഇവിടെ തടിച്ചുകൂടിയത്. വിവിധ മാധ്യമങ്ങളിലൂടെ രണ്ടര ബില്യന്‍ ആളുകളെങ്കിലും പരിപാടി തല്‍സമയം കണ്ടതായാണ് കണക്ക്.

ഉച്ചതിരിഞ്ഞതോടെ തന്നെ ഡൗണ്‍ടൗണിലേക്ക് ജനം ഒഴുകിത്തുടങ്ങിയിരുന്നു. വന്‍ സുരക്ഷയൊരുക്കി പോലീസും രംഗത്തുണ്ടായിരുന്നു. ബുര്‍ജ് ഖലീഫയില്‍ ഒരുക്കിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഒരൊറ്റ കെട്ടിടത്തിലായി ഒരുക്കിയ ഏറ്റവും വലിയ ഷോ എന്ന നിലയില്‍ ഗിന്നസ് റിക്കാര്‍ഡും സ്വന്തമാക്കി. പ്രദര്‍ശനത്തിനൊടുവില്‍ ഈ സര്‍ട്ടിഫിക്കറ്റും ബുര്‍ജില്‍ തെളിഞ്ഞപ്പോള്‍ ജനം ഹര്‍ഷാരവം മുഴക്കിയാണ് അതിനെ വരവേറ്റത്. 828 മീറ്റര്‍ ഉയരത്തിലെത്തുന്ന സെര്‍ച്ച് ലൈറ്റും ലേസര്‍ ഇന്‍സ്റ്റലേഷനുമായിരുന്നു മറ്റൊരു സവിശേഷത. യു.എ.ഇ. ക്ക് 2018 ശൈഖ് സായിദ് വര്‍ഷമാണ്. ദീപവിതാനത്തിനിടയില്‍ ശൈഖ് സായിദിന്റെ ചിത്രം തെളിഞ്ഞപ്പോഴും വന്‍ ആര്‍പ്പുവിളി ഉയര്‍ന്നു.

Dubaiബുര്‍ജ് ഖലീഫയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ വിശേഷങ്ങള്‍ ഇങ്ങനെ
  • ഏറ്റവും വലിയ ഇന്‍സ്റ്റലേഷന്‍ 828 മീറ്റര്‍ ഉയരത്തില്‍
  • ബുര്‍ജ് ഖലീഫയില്‍ വെളിച്ചം വീണത്-1,09, 252 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് (ഏതാണ്ട് 27 ഏക്കര്‍ സ്ഥലം വരും ഇത്, 20 ഫുട്‌ബോള്‍ ഗ്രൗണ്ടിന് തുല്യം)
  • ഷോയുടെ മൊത്തം പ്രകാശം-763 ലക്ഷം ലൂമെന്‍സ്
  • 300 പേരുടെ അഞ്ച് മാസത്തെ ഒരുക്കം
  • ലൈറ്റുകളുടെയും ബീമുകളുടെയും മൊത്തം ഭാരം-118.44 ടണ്‍ (55 കാറുകളുടെ ഭാരത്തിന് തുല്യം)
  • ഉപയോഗിച്ച കേബിളുകളുടെ നീളം- 28.7 കിലോ മീറ്റര്‍
  • എല്‍.ഇ.ഡി. സ്‌ക്രീനുകളുടെ റസലുഷന്‍- 11 ലക്ഷം പിക്‌സല്‍സ്
  • ഇതിന്റെ ഒരുക്കത്തിനിടയില്‍ സ്ഥലത്തുതന്നെയായി സംഘാംഗങ്ങള്‍ നടന്നുതീര്‍ത്ത ദൂരം 10 ലക്ഷം കിലോമീറ്റര്‍
വെടിക്കെട്ടില്‍ അദ്ഭുതം തീര്‍ത്ത് റാസല്‍ഖൈമ

ദുബായ് പ്രകാശം കൊണ്ടാണ് വിസ്മയം തീര്‍ത്തതെങ്കില്‍ റാസല്‍ഖൈമ വമ്പിച്ച വെടിക്കെട്ടാണ് കാത്തിരുന്നവര്‍ക്കായി സമ്മാനിച്ചത്. ഏറ്റവും മികച്ച വെടിക്കെട്ടെന്ന ഗിന്നസ് റിക്കാര്‍ഡും അല്‍ മര്‍ജാന്‍ ദ്വീപില്‍ ഒരുക്കിയ കരിമരുന്ന് പ്രയോഗം നേടി. 1089 കിലോഗ്രാം കരിമരുന്നാണ് പുതുവല്‍സരാഘോഷത്തിനായി ഇവിടെ ഉപയോഗിച്ചത്. ഏറ്റവും വലിയ ഏരിയല്‍ ഫയര്‍വര്‍ക്ക് ഷെല്‍ എന്ന റിക്കാര്‍ഡാണ് പുതുവല്‍സര രാവില്‍ അവിടെ പിറന്നത്. റാസല്‍ഖൈമ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ഗ്രൂസി കമ്പനിയാണ് വെടിക്കെട്ട് അവതരിപ്പിച്ചത്.

Dubai2014 ഒക്ടോബറില്‍ ജപ്പാനിലെ സിതാമയില്‍ നടന്ന വെടിക്കെട്ടിനെ മറികടന്നാണ് റാസല്‍ഖൈമ റിക്കാര്‍ഡിട്ടത്. ജപ്പാനില്‍ 464 കിലോഗ്രാം വെടിമരുന്നാണ് ഉപയോഗിച്ചിരുന്നത്. ഭൂനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരത്തില്‍ വരെ കരിമരുന്ന് പ്രയോഗം എത്തിയിരുന്നു. 120 കേന്ദ്രങ്ങളില്‍ നിന്നായുള്ള വെടിക്കെട്ട് പത്ത് മിനുട്ടിലേറെ നീണ്ടുനിന്നു.

യു.എ.ഇ.യിലെ മനുഷ്യ നിര്‍മ്മിത ദ്വീപായ അല്‍ മര്‍ജാന്‍ ദ്വീപിലാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയ വിപുലമായ കരിമരുന്നു പ്രയോഗം നടന്നത്. 1089.545 കിലോഗ്രാം കരിമരുന്നു പയോഗിച്ചു കൊണ്ടുള്ള പ്രദര്‍ശനം 10 മിനുട്ടിലധികം നീണ്ടുനിന്നു. ആയിരക്കണക്കിന് സഞ്ചാരികളാണ് ആകാശത്തെ വര്‍ണ വിസ്മയ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. 2018 എന്ന നമ്പര്‍ ബഹുവര്‍ണത്തില്‍ ആകാശത്തു വിരിഞ്ഞതോടെയാണ് പുതുവര്‍ഷ പ്രതീക്ഷകളുടെ ഹര്‍ഷാരവത്തോടെ ആയിരങ്ങളെ സാക്ഷിയാക്കി അല്‍ മര്‍ജാന്‍ പവിഴ ദ്വീപ് മാസ്മരിക പ്രഭയില്‍ തിളങ്ങിയത്.
 
റാസല്‍ഖൈമയുടെ പ്രകൃതി സൗന്ദര്യത്തെ കൂടുതല്‍ മനോഹരമാക്കുംവിധം ലോകപ്രശസ്തമായ 14 സംഗീത സംവിധാനങ്ങളോടെയാണ് പവിഴ ദ്വീപിനു ചുറ്റും ആകാശത്ത് വര്‍ണ ക്കുടകള്‍ വിരിഞ്ഞത്. അല്‍ മര്‍ജാന്‍ ദ്വീപിനു ചുറ്റുമുള്ള അഞ്ച് പൊതു മൈതാനങ്ങളും അയ്യായിരത്തിലേറെ വാഹനങ്ങള്‍ക്കായി പൊതു പാര്‍ക്കിങ് സ്ഥലങ്ങളും തയ്യാറാക്കിയിരുന്നു. യു.എ.ഇയിലെ ആകര്‍ഷകമായ ഈ പുതുവത്സരാഘോഷങ്ങള്‍ കാണുന്നതിന് ആയിരക്കണക്കിന് സന്ദര്‍ശകരാണ് രാവിലെ മുതല്‍ റാസല്‍ഖൈമയിലെ പവിഴ ദ്വീപിലേക്ക് ഒഴുകിയെത്തിയത്.

ഏറ്റവും ഉയര്‍ന്ന സുരക്ഷ നിലവാരത്തോടെ ഈ സംരംഭം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അല്‍ മര്‍ജന്‍ ഐലന്റ് മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള അല്‍ അബ്ദുള്‍വി പറഞ്ഞു. പുതുവര്‍ഷം ഊര്‍ജസ്വലമായ പുതിയ അനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമയില്‍ എത്തിയ അതിഥികള്‍ക്ക് അവിസ്മരണീയമായ ഒരു രാത്രിയാണ് ആസ്വദിക്കാനായത്. രാജ്യത്തെ ഏറ്റവും വലിയ മലനിരയായ ജബല്‍ ജൈസിലും പുതുവത്സരം ആഘോഷിക്കാന്‍ നിരവധി പേര്‍ എത്തി. പ്രധാന ഉദ്യാനങ്ങള്‍, ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലും പുതുവത്സരം ആഘോഷിച്ചവര്‍ കുറവല്ല. എങ്കിലും ഈ പുതുവത്സരത്തിന്റെ ഏറ്റവും ആകര്‍ഷണം അല്‍ മര്‍ജാന്‍ ദ്വീപിലെ കാഴ്ചകള്‍ തന്നെയായിരുന്നു.

Dubaiഷാര്‍ജ

ഷാര്‍ജയിലെ ആഘോഷങ്ങളിലും വന്‍ ജനക്കൂട്ടമാണ് ഒത്തുകൂടിയത്. എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, അല്‍ കസബ എന്നിവിടങ്ങളില്‍ വലിയ തിരക്കനുഭവപ്പെട്ടു. സന്ധ്യക്ക് തന്നെ അല്‍ മജാസിലേക്കും അല്‍ കസബയിലേക്കും പോകുന്ന റോഡുകളില്‍ തിരക്കാരംഭിച്ചിരുന്നു. ഇരു കേന്ദ്രങ്ങളിലും പുതുവര്‍ഷത്തെ വരവേല്‍ക്കാനായി മലയാളികളടക്കം വന്‍ ജനക്കൂട്ടമാണെത്തിയത്. അല്‍ മജാസില്‍ ഏഴ് മിനുട്ട് നീണ്ടുനിന്ന വെടിക്കെട്ട് ജനങ്ങള്‍ കരഘോഷത്തോടെ ആസ്വദിക്കുകയായിരുന്നു.

അല്‍ കസബയുടെ ഭംഗി നുകര്‍ന്നുകൊണ്ട് വെടിക്കെട്ട് ആസ്വദിച്ചും വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിച്ചും ജനങ്ങള്‍ പുതുവര്‍ഷം ആഘോഷിച്ചു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലും പുതുവര്‍ഷം ആഘോഷിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ കേക്ക് മുറിച്ചായിരുന്നു ആഘോഷം. പ്രസിഡന്റ് വൈ.എ.റഹീം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ഖജാന്‍ജി വി.നാരായണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എസ് .മുഹമ്മദ് ജാബിര്‍ തുടങ്ങിയവരും നേതൃത്വം നല്‍കി. യൂസുഫ് സഗീര്‍ ഗാനമാലപിച്ചു.

അബുദാബിയിലും കെങ്കേമം

അബുദാബിയിലെ പുതുവത്സരാഘോഷങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സന്ദര്‍ശകരും സ്വദേശികളുമെല്ലാം ഭാഗമായി. നഗരത്തിരക്കില്‍ നിന്ന് മാറി മറീനയിലും കോര്‍ണിഷിലും യാസ് മരിയ ഐലന്റന്‍ഡുകളിലുമാണ് ആഘോഷങ്ങള്‍ നടന്നത്. 'മറീനയില്‍ കൗണ്ട് ഡൗണ്‍ വില്ലേജ്' എന്ന പേരിലാണ് ആഘോഷ നഗരി ഒരുക്കിയത്. ഒരു കാര്‍ണിവല്‍ ആശയത്തില്‍ ഒരുക്കിയ വില്ലേജില്‍ നൃത്തം, സംഗീതം, കലാ പ്രദര്‍ശനം, ഭക്ഷണം എന്നിങ്ങനെ തരം തിരിച്ചാണ് ആഘോഷങ്ങള്‍ നടന്നത്. സന്ദര്‍ശകര്‍ക്ക് നടന്ന് കാണാന്‍ മാത്രം കാഴ്ചകള്‍ ഇവിടെ ഒരുക്കിയിരുന്നു. മറീന പ്രധാന സിഗ്നല്‍ മുതല്‍ ബ്രേക്ക് വാട്ടര്‍ വരെയുള്ള ഭാഗങ്ങളില്‍ റോഡിന് ഇരു വശങ്ങളിലുമായാണ് ആഘോഷങ്ങള്‍ നടന്നത്.

വൈകുന്നേരത്തോടെ സജീവമായ നഗരിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. മൊബൈല്‍ ഗെയിമിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സില്‍ ഇടം പിടിച്ച 'ആംഗ്രി ബേഡ്' പ്രദര്‍ശനം കൗതുകക്കാഴ്ചയായി. വൈകുന്നേരത്തോടെ സജീവമായ മറീനയില്‍ ലോകോത്തര സംഘങ്ങളുടെ സംഗീത പരിപാടി കണ്ട് കടല്‍ തീരത്തിരുന്ന് ഭക്ഷണം കഴിക്കാനെത്തിയവരില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടും. അന്‍പതോളം ചെറു ട്രക്കുകളാണ് ലോകത്തിന്റെ പല കോണുകളിലെ രുചികള്‍ സന്ദര്‍ശകര്‍ക്ക് വിളമ്പാനായി എത്തിയത്.

മരിയ ദ്വീപിലും യാസിലും കോര്‍ണിഷിലും നടന്ന വര്‍ണാഭമായ വെടിക്കെട്ടോടെയാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് സമാപനമായത്. മരിയയിലെയും മറീനയിലെയും വര്‍ണങ്ങള്‍ ചാലിച്ച വെടിക്കെട്ട് ഒരേ സമയം ആസ്വദിക്കാനും കോര്‍ണിഷില്‍ തമ്പടിച്ച ആയിരങ്ങള്‍ക്കായി. അബുദാബി മുസഫ, ഐക്കാട്, ഷാബിയ തുടങ്ങി നഗരപരിധിക്ക് പുറത്തുള്ള തൊഴിലാളി ക്യാമ്പുകളില്‍ നിന്നുള്ളവര്‍ വൈകുന്നേരത്തോടെ അബുദാബി നഗരത്തില്‍ എത്തിയിരുന്നു. പുതുവത്സരാഘോഷങ്ങള്‍ക്ക് ഭൂരിഭാഗവും തിരഞ്ഞെടുത്തത് ദുബായിലെ ലേസര്‍ പ്രദര്‍ശനവും റാസ് അല്‍ ഖൈമയിലെ വെടിക്കെട്ടുമാണെകിലും അബുദാബിയിലെ ആഘോഷങ്ങള്‍ക്കും തിരക്ക് കുറവില്ലായിരുന്നു. ഉച്ചയോടെ അബുദാബി ദുബായ് റോഡില്‍ തിരക്കേറിയത് ആഘോഷം ദുബായില്‍ കൊണ്ടാടാന്‍ പദ്ധതിയിട്ട നിരവധിപേരെ തിരിച്ച് വരാന്‍ പ്രേരിപ്പിച്ചിരുന്നു. കുടുംബമായും സുഹൃത്തുക്കളുമായും ബാര്‍ബെക്യൂ ചെയ്ത് ഭക്ഷണം കഴിച്ചുകൊണ്ട് ആഘോഷക്കാഴ്ചകള്‍ കാണാന്‍ നിരവധിപേര്‍ കോര്‍ണിഷ് പാര്‍ക്കുകളില്‍ രാവിലെ മുതല്‍ എത്തിയിരുന്നു. കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കനത്ത മൂടല്‍മഞ്ഞ് ഇല്ലാതിരുന്നത് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. നഗരത്തിലെ മിക്ക ഹോട്ടലുകളും പബ്ബുകളും ബാറുകളുമെല്ലാം ആഘോഷത്തിമര്‍പ്പിലായിരുന്നു.

യാസില്‍ നടന്ന ആഘോഷങ്ങളില്‍ സംഗീതവിസ്മയം കാറ്റി പെറിയുടെ സംഗീതനിശയാണ് ഏറെ ആവേശം പകര്‍ന്നത്. വലിയ ടിക്കറ്റ് നിരക്കില്‍ നടന്ന സംഗീത നിശക്കെത്തിയവരില്‍ കൂടുതലും വിദേശികളായിരുന്നു. വെടിക്കെട്ടും ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്നു. പരിപാടിക്കെത്തിയ ആരാധകര്‍ക്ക് മറക്കാനാവാത്ത പുതുവത്സര സമ്മാനമാണ് യാസിലെ ഡു ഫോറം നല്‍കിയത്. അബുദാബിയിലെ ഡെസേര്‍ട്ട് സഫാരി ക്യാമ്പില്‍ ഡി.ജെ, ബ്രേക്ക് ഡാന്‍സ്, ബെല്ലി ഡാന്‍സ് എന്നിവയടക്കമുള്ള പരിപാടികളോടെയായിരുന്നു പുതുവത്സരാഘോഷം. ഇതിനെത്തിയവരില്‍ അധികവും വിദേശികളാണ്.