ദുബായ്: ലോകമാകെ പ്രശസ്തമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ രണ്ടിന് ബുധനാഴ്ച തിരശ്ശീല ഉയരും. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള പുസ്തകോത്സവത്തിന്റെ 35-ാം വര്‍ഷമാണിത്. നവംബര്‍ 12 വരെ നീണ്ടുനില്‍ക്കും.

ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷവും നിരവധി എഴുത്തുകാരാണ് അതിഥികളായി എത്തുന്നത്. മലയാളത്തില്‍ നിന്ന് എം.ടി.വാസുദേവന്‍ നായരും നടന്‍ മമ്മുട്ടിയും ഉള്‍പ്പെടെയുള്ള അതിഥികളും എത്തുന്നു. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ആറ് ഹാളുകളിലായി നടക്കുന്ന പുസ്തകോത്സവത്തില്‍ അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള 1400- ല്‍ ഏറെ പ്രസാധകരാണ് അണിനിരക്കുന്നതെന്ന് മേളയുടെ എക്‌സ്‌ടേണല്‍ അഫയേര്‍സ് എക്‌സിക്യുട്ടീവ് മോഹന്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
 
ഇന്ത്യയില്‍ നിന്ന് മാതൃഭൂമി ബുക്‌സ് ഉള്‍പ്പെടെ 110 പുസ്തക പ്രസാധകരും എത്തുന്നു. 1400- ല്‍ ഏറെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മലയാളത്തിലെ അമ്പതിലേറെ പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യും.

ദിവസവും കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികളും അരങ്ങേറും. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി പത്ത് വരെയാണ് പുസ്തകോത്സവം. വെള്ളിയാഴ്ചകളില്‍ വൈകീട്ട് നാല് മുതല്‍ രാത്രി 11 വരെയായിരിക്കും പ്രദര്‍ശനം. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും എത്തുന്ന പുസ്തകങ്ങള്‍ക്ക് 25 ശതമാനം വിലക്കിഴിവും ലഭിക്കും. രണ്ടിന് ബുധനാഴ്ച രാവിലെ പത്ത് മണിക്ക് മേളയുടെ രക്ഷാധികാരി കൂടിയായ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും.

നവംബര്‍ അഞ്ചിന് ശനിയാഴ്ച മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവന്‍ നായര്‍ സാഹിത്യ, ചലച്ചിത്ര ജീവിതത്തെ കുറിച്ച് സംസാരിക്കും. നാലിന് വെള്ളിയാഴ്ച ഉസ്താദ് റയിസ് ബാലെ ഖാന്‍ നയിക്കുന്ന ജുഗല്‍ ബന്ദിക്ക് ശേഷം രാത്രി എട്ടിന് മലയാളത്തിന്റെ പ്രിയ കവികള്‍ അണിനിരക്കുന്ന കാവ്യസന്ധ്യ അരങ്ങേറും. ശ്രീകുമാരന്‍ തമ്പി, സച്ചിദാനന്ദന്‍, മധുസൂദനന്‍ നായര്‍, പി.എന്‍. ഗോപീകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും. ഏഴിന് തിങ്കളാഴ്ച രാത്രി എട്ടിന് മലയാളത്തിന്റെ സുപ്പര്‍താരം മമ്മുട്ടി അഭിനയ ജീവിതത്തെ കുറിച്ച് സംസാരിക്കും.

നോബേല്‍ പുരസ്‌കാര ജേതാവ് കൈലാസ് സത്യാര്‍ഥി നവംബര്‍ എട്ടിന് രാവിലെ വിദ്യാര്‍ഥികളുമായി സംസാരിക്കും. വൈകീട്ട് കുട്ടികളുടെ അവകാശങ്ങളെ പറ്റി അദ്ദേഹം പ്രഭാഷണം നടത്തും. നോവലിസ്റ്റ് ചേതന്‍ ഭഗത്തും ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ്ങിന്റെ ചീഫ് ഇവാഞ്ചലിസ്റ്റ് ഗോപി കല്ലായിലുമാണ് ഈ വര്‍ഷത്തെ മറ്റ് പ്രധാന അതിഥികള്‍. പ്രശസ്ത യങ് അഡല്‍ട്ട് ഗ്രന്ഥകാരി ക്ലോഡിയാ ഗ്രേ, ഉസ്താദ് ഹാഫിസ് ബാലെ ഖാന്‍, ഉസ്താദ് റയിസ് ബാലെ ഖാന്‍,ഷെ് മരിയ ഗോറേറ്റി എന്നിവരും മേളയിലെത്തും. ഡിസി രവിയും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.