ദുബായ്: 'ദുബായ് എന്നെ എന്നും മോഹിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഏറ്റവുമേറെ ഇഷ്ടപ്പെടുന്ന നഗരങ്ങളിലൊന്നാണ് ദുബായ് '-ബോളിവുഡിന്റെ പ്രിയതാരം ഋത്വിക് റോഷന്‍ പറയുന്നു. ദുബായ് വേള്‍ഡ് ട്രെയ്ഡ് സെന്ററില്‍ നടക്കുന്ന ബിഗ് -5 പ്രദര്‍ശനത്തില്‍ ആര്‍.ഡി.എം. കമ്പനിയുടെ അതിഥിയായി എത്തിയതായിരുന്നു അവരുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ താരം.

ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായി ചേര്‍ന്ന് അഭിനയിച്ച കമ്പനിയുടെ പുതിയ പരസ്യചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും താരത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. നല്ലൊരു അനുഭവമായിരുന്നു ജാക്വിലിനുമായി ചേര്‍ന്നുള്ള അഭിനയം. ആക്ഷനും പ്രണയവുമെല്ലാം ചേര്‍ന്നാണ് സാഹില്‍ സംഘ ഇതൊരുക്കിയത്.
 
ആക്ഷന്‍ രംഗങ്ങളില്‍ ജാക്വിലിന്‍ ഏറെ തന്മയത്വത്തോടെയാണ് അഭിനയിച്ചത്. ഇത് കാരണം അവരുടെ കൈക്ക് ഇടക്കിടെ പരിക്കേല്‍ക്കുകയും നീരുകെട്ടുകയും ചെയ്തു. ഷൂട്ടിങ്ങ് സമയത്ത് ഞങ്ങള്‍ സ്ഥിരമായി ഐസ് സൂക്ഷിച്ചുവെക്കുമായിരുന്നു. സ്റ്റണ്ട് നടന്മാരോടൊപ്പം ആക്ഷന്‍ അഭിനയിക്കുമ്പോള്‍ പ്രശ്‌നമില്ല. അവര്‍ക്ക് അതിന്റെ ടൈമിങ് അറിയാം. എന്നാല്‍ ജാക്വിലിന്‍ ശരിക്കും സ്റ്റണ്ട് ചെയ്യുകയായിരുന്നു. അവര്‍ നല്ലൊരു ഫൈറ്റര്‍ ആണ്. അതിനാല്‍ എനിക്കു ശരിക്കും ആക്ഷന്‍ ചെയ്യേണ്ടിവന്നു. അല്ലെങ്കില്‍ എനിക്ക് പരിക്ക് പറ്റുമായിരുന്നു-ചിരിച്ചുകൊണ്ട് ഋത്വിക് റോഷന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു പരസ്യചിത്രത്തിന്റെ റിലീസിങ്. നേരത്തെ ആര്‍.ഡി.എമ്മിന്റെ പവലിയനും താരം സന്ദര്‍ശിച്ചു.