ദുബായ്: പ്രവാസത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ദുബായ് ഫ്രെയ്മിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പാലക്കാട്ട് കുന്നത്തൂര്‍മേട് ഗഗനം വീട്ടില്‍ പി.എ. രവികുമാര്‍. ശതകോടികള്‍ ചെലവിട്ട് നിര്‍മിച്ച ദുബായ് ഫ്രെയിം പദ്ധതിയുടെ റെസിഡന്റ് എന്‍ജിനീയര്‍ ആണ് രവികുമാര്‍. ഫ്രെയിമിന്റെ ഓരോ മുക്കും മൂലയും ഈ പാലക്കാടന്‍ പ്രവാസിക്ക് മനഃപാഠമാണ്. ദുബായ് മുനിസിപ്പാലിറ്റിക്ക് വേണ്ടി അര്‍ക്കാഡിസ് എന്ന കമ്പനിയാണ് നിര്‍മാണച്ചുമതല ഏറ്റെടുത്തത്. വശങ്ങളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ അതില്‍ ഉരുക്കില്‍ തീര്‍ത്ത പാലം ഇതെല്ലാം കൃത്യമായി ചേര്‍ത്തിണക്കിയപ്പോഴാണ് ഫ്രെയിം യാഥാര്‍ഥ്യമായതെന്ന് രവികുമാര്‍ പറയുന്നു. സ്വര്‍ണനിറത്തിലുള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടാണ് കെട്ടിടം ആവരണം ചെയ്തിരിക്കുന്നത്.
 
തൂണുകള്‍ക്കുള്ളിലാണ് മുകളിലേക്ക് കയറാനും ഇറങ്ങാനുമുള്ള ലിഫ്റ്റുകളും സജ്ജമാക്കിയിരിക്കുന്നത്. നല്ലഭാരം വഹിക്കാന്‍ കഴിവുള്ള ഒന്നാന്തരം ഗ്ലാസ് ഉപയോഗിച്ചാണ് താഴ്ഭാഗം കാണുന്ന തരത്തില്‍ ഏറ്റവും മുകളിലെ വ്യൂ ഡെക്കില്‍ പ്രതലമൊരുക്കിയിരിക്കുന്നതെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു. രവികുമാര്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെയും റെസിഡന്റ് എന്‍ജിനീയര്‍. ആകാശം ഏറെ പ്രിയപ്പെട്ട ഈ പാലക്കാട്ടുകാരന്‍ അതുകൊണ്ടുതന്നെ മക്കള്‍ക്ക് നല്‍കിയ പേരും ആകാശത്തിന്റെ പര്യായങ്ങളാണ് വിഹായസ്, നപസ്. സ്മിതയാണ് ഭാര്യ.