ദുബായ് : സുവർണജൂബിലി ആഘോഷങ്ങളുടെ നിറവിൽനിൽക്കുന്ന യു.എ.ഇ.യിലേക്ക് ഇരട്ടിയിലേറെ തിളക്കവുമായാണ് എക്സ്‌പോ എത്തിയത്. ഗൾഫ് രാജ്യങ്ങളുടെ ഏറ്റവുംവലിയ പ്രതീക്ഷയായ ദുബായ് എക്സ്‌പോ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളും അനുഭൂതികളും കൊണ്ട് വിസ്മയിപ്പിക്കും.

കഴിഞ്ഞ 10 വർഷമായി ജോലിചെയ്യുന്ന 2,30,000 പേരുടെ അധ്വാനഫലമാണ് 4.38 ചതുരശ്ര കിലോമീറ്ററിൽ 192 രാജ്യങ്ങളിലെ കാഴ്ചകൾ ഒരുങ്ങുന്ന ലോകാത്ഭുതവേദികൾ. എക്സ്‌പോയുടെ 167 വർഷത്തെ ചരിത്രത്തിലാദ്യമായാണ് പങ്കെടുക്കുന്ന എല്ലാരാജ്യങ്ങളും പവിലിയൻ ഒരുക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെ നടക്കുന്ന എക്സ്‌പോയിലേക്ക് രണ്ട് കോടിയിലേറെ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ദിവസവും 60 തത്സമയ സാംസ്കാരികപരിപാടികൾ വേദിയിലുണ്ടാകും.

ഓരോ അഞ്ചുവർഷം കൂടുമ്പോഴാണ് ബ്യൂറോ ഓഫ് ഇന്റർനാഷണൽ എക്സ്‌പോസിഷൻസിന്റെ മേൽനോട്ടത്തിൽ ആറ്ു മാസം ദൈർഘ്യമുള്ള ലോക എക്സ്പോ നടക്കുന്നത്. 2013-ൽ യെക്കാറ്റരിൻബർഗ് (റഷ്യ), ഇസ്മിർ (തുർക്കി), സാവോപോളോ (ബ്രസീൽ) എന്നിവയോട് മത്സരിച്ചാണ് ദുബായ് എക്സ്‌പോ 2020 നടത്താനുള്ള അവകാശം നേടിയെടുക്കുന്നത്. 2010-ലെ ലോക എക്സ്‌പോ ചൈനയിലെ ഷാങ്ഹായ് നഗരത്തിലായിരുന്നു.

ഷാങ്ഹായിയെ മാത്രമല്ല ചൈനയെവരെ മാറ്റിമറിച്ച മേളയായിരുന്നു അത്. വ്യവസായങ്ങൾ മാത്രമുണ്ടായിരുന്ന നഗരം എക്സ്പോയ്ക്ക് ശേഷം സാംസ്കാരിക വാണിജ്യനഗരമായി മാറി. ചൈനയുടെ ഓഹരിവിപണി വരെ മൂന്നുമടങ്ങ് വർധിച്ചു. ചൈനയോട് ഏറെ സൗഹൃദം പുലർത്തുന്ന രാജ്യംകൂടിയാണ് യു.എ.ഇ. അങ്ങിനെ നോക്കുമ്പോൾ എക്സ്പോ 2020 കഴിയുന്നതോടെ ദുബായ് ഇരട്ടിവളർച്ചനേടി ലോകത്തെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

2015-ൽ എക്സ്‌പോയ്ക്ക് ആതിഥ്യംവഹിച്ച മിലാൻനഗരം അന്നേ ദുബായിക്ക് പിന്തുണ അറിയിച്ചിരുന്നു. മിലാൻ എക്സ്‌പോ കൃത്യമായി നിരീക്ഷിക്കാൻ അന്ന് ദുബായിയുടെ വ്യക്തമായ സാന്നിധ്യവും അവിടെയുണ്ടായി.

മിലാനിൽ സന്ദർശകർക്ക് കൗതുകമായി യു.എ.ഇ.യുടെ ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദിന്റെ യന്ത്രമനുഷ്യനും പങ്കുചേർന്നിരുന്നു.

ദുബായ് എക്സ്‌പോ 2020-യെക്കുറിച്ച് അന്നേ സന്ദർശകരിലേക്കെത്തിക്കാൻ ഇതിലൂടെയായി. യു.എ.ഇ.യുടെ ഇത്തിസലാത്ത്, ദീവ, ആർ.ടി.എ. സ്റ്റാളുകളും സന്ദർശകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഷാങ്ഹായിലും മിലാനിലും നടന്ന എക്സ്‌പോകൾ വിലയിരുത്തിയാണ് ദുബായ് എക്സ്‌പോ 2020 ലോകത്തെ വരവേൽക്കുന്നത്.

എക്‌സ്‌പോ നഗരം ഭാവിയിൽ?

എക്സ്‌പോ നഗരം ഭാവിയിൽ എന്താകും. ഇതാണ് ഏവരുടെയും ആവർത്തിച്ചുള്ള ചോദ്യം. 2022 മാർച്ച് 31-ന് ശേഷം അവിടെ ഡിസ്ട്രിക്ട്‌ 2020 എന്നപേരിൽ പുതിയൊരു സിറ്റി രൂപപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

പ്രതീക്ഷകൾക്കും മുകളിൽ സഞ്ചരിക്കുന്ന, ലോക എക്സ്‌പോക്കും മുകളിലേക്ക് വളർന്നുപന്തലിക്കുന്ന ഒരു സ്മാർട്ട് സിറ്റിയാണ് പ്രതീക്ഷിക്കുന്നത്. നഗരം യാഥാർഥ്യമാവുക എക്സ്‌പോ കഴിഞ്ഞ് ആറ്ു മാസത്തിനും ഒരു വർഷത്തിനുമിടയിലായിരിക്കും. ഡിസ്ട്രിക്ട്‌ 2020 ഫേയ്‌സ് വൺ എന്ന സ്വപ്‌നതുല്യമായ പുതിയ നഗരി രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറ്റിയേക്കും. ഘട്ടംഘട്ടമായ നീക്കത്തിലൂടെയായിരിക്കും അത്തരമൊരു പരിവർത്തനം.

എക്സ്‌പോയിൽ നിലവിൽ നിർമിക്കപ്പെട്ടതിന്റെ 80 ശതമാനംവരെ നിലനിർത്തിയാകും പുതിയ നഗരപ്പിറവി. ഇപ്പോൾ നഗരിയിലെ കെട്ടിടങ്ങളെല്ലാം സർക്കാരിന്റേതാണ്. എങ്കിലും എക്സ്‌പോക്ക് ശേഷം സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറ്റാൻ സൗകര്യമുണ്ടാകുമെന്നാണ് വിവരം.

ഡിസ്ട്രിക്ട്‌ 2020 നിർമാണത്തിനൊരുങ്ങുമ്പോൾ എക്സ്‌പോയ്ക്കായി പ്രത്യേകം നിർമിച്ച ഭാഗങ്ങൾ മാത്രമായിരിക്കും പൊളിച്ചുനീക്കുന്നത്. ദുബായ് ലോകത്തിന് മുന്നിൽ അത്ഭുതമൊരുക്കുന്ന പദ്ധതിയാകും ഡിസ്ട്രിക്ട് 2020-യുടെ നിർമാണം. ജർമൻ കമ്പനിയായ സീമെൻസുമായി സഹകരിച്ചാണ് ഭാവിയിലെ സ്മാർട്ട് സിറ്റിയൊരുക്കാൻ പദ്ധതി തയ്യാറാകുന്നത്. നമുക്ക് കാത്തിരിക്കാം ദുബായ് എക്സ്‌പോ 2020 കഴിഞ്ഞാലും വിസ്മയം തീർക്കുന്ന ആ നഗരി കാണാൻ.