ദുബായ്: എക്സ്പോ 2020 ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ലൈവ് സ്ട്രീമിങ്ങ് സാങ്കേതിക വിദ്യയിലൂടെ യു എ ഇയിലെ 430-ല്‍ പരം ഇടങ്ങളില്‍ തത്സമയം ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎഇയിലുടനീളമുള്ള ജനങ്ങള്‍ക്ക് എക്സ്പോ ഉദ്ഘാടനാനുഭവം തത്സമയം നല്‍കുന്നതിനായാണ് ഈ നടപടി. സെപ്റ്റംബര്‍ 30 ന് വൈകീട്ട് യുഎഇ സമയം 7.30 മുതല്‍ എക്സ്പോ 2020 ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. ഇതോടനുബന്ധിച്ച് കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നുപ്രയോഗം ഉള്‍പ്പടെയുള്ള കാഴ്ചകളും എക്സ്പോ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നേരിട്ട് കാണുന്നതിനായി സെപ്റ്റംബര്‍ 30 ന് വൈകീട്ട് രാജ്യത്തുടനീളം പ്രത്യേക വ്യൂയിങ്ങ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി രാജ്യത്തുടനീളമുള്ള എയര്‍പോര്‍ട്ട്, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, പ്രധാന കെട്ടിടങ്ങള്‍ മുതലായ ഇടങ്ങളില്‍ പ്രത്യേക സ്‌ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്. 

ആഗോളതലത്തിലെ പ്രേക്ഷകര്‍ക്കായി https://virtualexpo.world/ അല്ലെങ്കില്‍ http://www.expo2020.com/tv എന്നീ ലൈവ് സ്ട്രീമിംഗ് ചാനലുകളിലൂടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെ സംപ്രേക്ഷണം സെപ്റ്റംബര്‍ 30 ന് വൈകീട്ട് 7.30 മുതല്‍ ലഭ്യമാണ്.

ഒക്ടോബര്‍ 1 ന് വൈകീട്ട് ദുബായ് ഫെസ്റ്റിവല്‍ സിറ്റി, പാം ജുമൈറ, ദി പോയിന്റ്, ദി ഫ്രെയിം എന്നിവിടങ്ങളിലാണ് അതിഗംഭീരമായ കരിമരുന്ന് പ്രയോഗം ഒരുക്കിയിരിക്കുന്നത്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ദി പോയിന്റ്, ദി ഫ്രെയിം എന്നിവിടങ്ങളില്‍ പ്രത്യേക വര്‍ണ്ണകാഴ്ച്ചകളും ഒരുക്കും.