ദുബായ്: എക്സ്പോ 2020യിലെ ഓപ്പര്‍ച്യുനിറ്റി ഡിസ്ട്രിക്റ്റില്‍ സ്ഥിതി ചെയ്യുന്ന സ്വിസ്സ് പവലിയന്‍ ലോകമെങ്ങുമുള്ള സന്ദര്‍ശകരെ സ്വാഗതം ചെയ്യാനും സ്വിറ്റ്സര്‍ലാന്റിലൂടെയുള്ള വൈകാരിക യാത്രാനുഭവത്തിലേക്ക് കൊണ്ടുപോകാനും സജ്ജമായിരിക്കുന്നു. എക്സ്പോ 2020യിലെ നിത്യേനയുള്ള സന്ദര്‍ശകരില്‍ 10 ശതമാനം പേരെ പവിലിയന്‍ പ്രതീക്ഷിക്കുന്നു. എക്സ്പോ 2020 ദുബായിലെ തങ്ങളുടെ പങ്കാളിത്തം 1970 കള്‍ മുതല്‍ സ്വിറ്റ്സര്‍ലാന്റും യു.എ.ഇയും പങ്കു വെക്കുന്ന ഏറ്റവും മികച്ചബന്ധം നന്നായി ശക്തിപ്പെടുത്തുമെന്ന് യു.എ.ഇയിലെയും ബഹ്റൈനിലെയും സ്വിറ്റ്സര്‍ലാന്റ് അംബാസഡര്‍ മാസ്സിമോ ബാഗ്ഗി പറഞ്ഞു.

എക്‌സ്‌പോ പ്രമേയം ഉള്‍കൊണ്ട് വിവിധ മേഖലകളില്‍ നിന്നുള്ള സ്വിസ്സ് വിദഗ്ധരെ ഒരുമിപ്പിച്ച് നിലവിലെ പ്രതിസന്ധികളില്‍ ഭാവിക്കായുള്ള ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ തങ്ങളുടെ പങ്കാളികളുമായി ചര്‍ച്ച ചെയ്യുന്നതിന് സ്വിസ്സ് പവലിയന്‍ 10 പ്രമേയ വാരങ്ങള്‍ സംഘടിപ്പിക്കും. ഏറ്റവും പുതിയ ഇന്നൊവേഷനുകള്‍ എടുത്തുകാട്ടാന്‍ താല്‍ക്കാലിക പ്രദര്‍ശനങ്ങളും ഒരുക്കുന്നുണ്ട്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനും തയാറെടുപ്പുകള്‍ക്കും ശേഷം സമ്പന്നമായ സ്വിറ്റ്സര്‍ലാന്റ് എന്ന രാഷ്ട്രത്തെ കണ്ടെടുക്കാന്‍ ലോകത്തെ ആവേശപൂര്‍വം ക്ഷണിക്കുന്നതായി സ്വിസ്സ് കമ്മീഷണര്‍ ജനറലും എക്സ്പോ 2020 ദുബായ് സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനുമായ മാനുവല്‍ സല്‍ച്ലി വ്യക്തമാക്കി.