ദുബായ്: ജീവിതനിലവാരം മെച്ചപ്പെടുത്താനും സന്തോഷം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്ന വ്യക്തമായ ആസൂത്രണവും പദ്ധതികളുമാണ് യു.എ.ഇ.യുടെ വികസനയാത്രയെ മുന്നോട്ട് നയിക്കുന്നതെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ദുബായ് ലാന്‍ഡിലൊരുങ്ങുന്ന സസ്‌റ്റൈനബിള്‍ സിറ്റി സന്ദര്‍ശിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സുസ്ഥിരതയാണ് വികസനത്തിന്റെ മുഖമുദ്രയെന്നതാണ് രാജ്യത്തിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക - സാമ്പത്തിക വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും വികസനത്തില്‍ പ്രധാനമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

50 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നിര്‍മിക്കുന്ന പദ്ധതിയുടെ ചെലവ് 120 കോടി ദിര്‍ഹമാണ്. സസ്‌റ്റൈനബിള്‍ സിറ്റിയിലെ സൗകര്യങ്ങളെയും സംവിധാനങ്ങളെയുംകുറിച്ച് അധികൃതര്‍ ദുബായ് ഭരണാധികാരിക്ക് വിശദീകരിച്ചുകൊടുത്തു.

ഊര്‍ജം ലാഭിക്കുന്ന വിധം രൂപകല്‍പ്പന ചെയ്തിരിക്കുന്ന കെട്ടിടങ്ങള്‍, പരിസ്ഥിതി സൗഹൃദപരമായ നിര്‍മാണ രീതികള്‍, വിഭവങ്ങള്‍ സംരക്ഷിക്കാനുള്ള സംരംഭങ്ങള്‍ തുടങ്ങിയവയൊക്കെയാണ് സസ്‌റ്റൈനബിള്‍ സിറ്റിയെ വ്യത്യസ്തമാക്കുന്നത്. പദ്ധതിക്കാവശ്യമായ ഊര്‍ജം പൂര്‍ണമായും ശുദ്ധ സ്രോതസ്സുകളില്‍നിന്ന് കണ്ടെത്തും വിധമാണ് നിര്‍മാണം.

അഞ്ചു ക്ലസ്റ്ററുകളിലായി അഞ്ഞൂറോളം വില്ലകളുണ്ട്. രണ്ടായിരത്തിലധികം താമസക്കാരും. രണ്ടാം ഘട്ടം നിര്‍മാണം ഈ വര്‍ഷാവസാനം പൂര്‍ത്തിയാകും. മാലിന്യം തരംതിരിച്ച് പുനരുപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനം ഓരോ ക്ലസ്റ്ററിലുമുണ്ട്. എല്ലാ ക്ലസ്റ്ററുകള്‍ക്കും സൈക്കിളിലോ, കാല്‍നടയായോ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന കാര്‍ ഫ്രീ സോണുകളുമുണ്ട്. ആസ്​പത്രി, പുനരധിവാസ കേന്ദ്രം, ഹരിത സ്‌കൂള്‍, ഇക്കോ -ഹോട്ടല്‍ തുടങ്ങിയവയുമായാണ് രണ്ടാം ഘട്ടം ഒരുങ്ങുന്നത്. അന്താരാഷ്ട്ര പുരസ്‌കാരങ്ങളുള്‍പ്പെടെ 20 അവാര്‍ഡുകള്‍ ഇതിനകം സസ്‌റ്റൈനബിള്‍ സിറ്റി സ്വന്തമാക്കിക്കഴിഞ്ഞു.