ദുബായ്: ദുബായിലെ എമിറേറ്‌സ് റോഡില്‍ 28 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. ദൂരക്കാഴ്ച വളരെ കുറവായിരുന്നെന്നും കൂടുതല്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കാതിരിക്കാന്‍ ഉടന്‍ തന്നെ പോലീസെത്തി ഗതാഗതം നിയന്ത്രിച്ചതായും ഗതാഗത വിഭാഗം മേധാവി ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.

ആംബുലന്‍സിനും രക്ഷാപ്രവര്‍ത്തകര്‍ക്കും വഴിയൊരുക്കി വാഹനങ്ങള്‍ തിരിച്ചു വിട്ടാണ് പോലീസ് പരിക്കേറ്റവരെ ആസ്​പത്രിയിലെത്തിച്ചത്. ദൂരക്കാഴ്ച 50 മീറ്ററിലും കുറവായിരുന്നു. അബുദാബിയിലേക്കുള്ള ദിശയിലായിരുന്നു അപകടം. വേഗം പരമാവധി കുറച്ചു വേണം മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ വണ്ടിയോടിക്കാനെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. ഇത്തരം കാലാവസ്ഥയില്‍ ഡ്രൈവറുടെ ചെറിയൊരു അശ്രദ്ധപോലും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്നുവെന്നും സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. ദൂരക്കാഴ്ച വളരെ കുറവാണെങ്കില്‍ വാഹനമോടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
 
വിമാനങ്ങള്‍ വൈകി

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് വ്യാഴാഴ്ച രാവിലെ അനുഭവപ്പെട്ടത്. അബുദാബി മദിനത് മുഹമ്മദ് ബിന്‍ സായിദിലും, ദുബായ് ഷാര്‍ജ വിമാനത്താവളങ്ങള്‍ക്ക് സമീപവും മൂടല്‍മഞ്ഞ് ഗതാഗതത്തെ ബാധിച്ചു. കനത്ത മൂടല്‍മഞ്ഞ് അബുദാബി ദുബായ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളെയും ബാധിച്ചു. ദുബായിലേക്ക് വരുന്നതും ദുബായില്‍നിന്ന് പോകുന്നതുമായ അമ്പതിലധികം സര്‍വീസുകള്‍ രണ്ടു മണിക്കൂറിലേറെ വൈകി. അബുദാബിയില്‍ നിന്ന് പുറപ്പെടേണ്ട മുപ്പതിലധികം വിമാനങ്ങളും മൂടല്‍മഞ്ഞ് മൂലം വൈകി. വിമാനത്തിന്റെ സമയം പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് സന്ദേശം നല്‍കി.