ദുബായ്: ബുധനാഴ്ച രാത്രി അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വി.എം. സതീഷിന് സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

വ്യാഴാഴ്ച കാലത്ത് അജ്മാന്‍ അല്‍ ഖലീഫ ആസ്​പത്രിയില്‍നിന്ന് മൊഹൈസിനയിലെ എംബാമിങ് സെന്ററില്‍ എത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം രാത്രി വൈകി നാട്ടിലേക്ക് കൊണ്ടുപോയി. സാമൂഹികപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലാണ് രേഖകള്‍ ശരിയാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയത്.

വെള്ളിയാഴ്ച കാലത്ത് നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹം 12 മണിക്ക് കോട്ടയം പ്രസ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് നാലിന് ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചി വില്ലേജ് ഓഫീസ് പരിസരത്തെ വീട്ടിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

രണ്ടു പതിറ്റാണ്ടായി യു.എ.ഇ.യിലെ മാധ്യമ-സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന വി.എം. സതീഷ് (54) ബുധനാഴ്ച രാത്രിയാണ് അജ്മാനിലെ ആസ്​പത്രിയില്‍ അന്തരിച്ചത്. രണ്ടുദിവസം മുന്‍പ് സന്ദര്‍ശകവിസയില്‍ യു.എ.ഇ.യില്‍ എത്തിയ സതീഷിനെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തു.

കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവന്റെയും തങ്കയുടെയും മകനായ സതീഷ് ബോംബേ ഇന്ത്യന്‍ എക്‌സ്​പ്രസിലൂടെയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒമാന്‍ ഒബ്‌സര്‍വര്‍ പത്രത്തില്‍ ഏറെക്കാലം ജോലി ചെയ്തിരുന്നു. തുടര്‍ന്ന് യു.എ.ഇ. യിലെത്തിയ സതീഷ് എമിറേറ്റ്‌സ് ടുഡേ, സെവന്‍ ഡേയ്‌സ്, എമിറേറ്റ്‌സ് 24 x 7, ഖലീജ് ടൈംസ് എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. ഏതാനും മാസമായി എക്‌സ്​പാറ്റ്‌സ് ന്യൂസ്, ഡിജിറ്റല്‍ മലയാളി എന്നീ പോര്‍ട്ടലുകള്‍ ആരംഭിച്ച് പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

ഗള്‍ഫിലെ പ്രവാസികളായ സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട സതീഷിന്റെ വാര്‍ത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ഡിസ്‌ട്രെസ്സിങ് എന്‍കൗണ്ടേഴ്‌സ്' എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: മായ. മക്കള്‍: എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ശ്രുതി, അശോക് കുമാര്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചിച്ചു.