ദുബായ്: അന്താരാഷ്ട്ര സൈക്ലിങ് മത്സരമായ ദുബായ് ടൂറിന്റെ രണ്ടാം ദിവസം നടന്ന സ്റ്റേജ്-2 മത്സരത്തില്‍ ഇറ്റലിയില്‍നിന്നുള്ള എലിയാ വിവിയാനി ജേതാവായി.

സ്‌കൈഡൈവ് ദുബായില്‍നിന്ന് റാസല്‍ഖൈമ വരെയുള്ള 190 കിലോമീറ്റര്‍ നാല് മണിക്കൂറും 34 മിനിറ്റും 31 സെക്കന്‍ഡുമെടുത്താണ് എലിയാ വിവിയാനി താണ്ടിയത്.

ജന്മദിനത്തില്‍ തനിക്കു ലഭിച്ച മധുരമാണ് സ്റ്റേജ്-2 വിജയമെന്ന് എലിയാ വിവിയാനി പറഞ്ഞു. അതേസമയം സ്റ്റേജ് 1 ജേതാവ് ഡൈലാന്‍ ഗ്രീന്‍വേഗാന്‍ ബ്ലൂ ജേഴ്‌സി നിലനിര്‍ത്തി


സ്റ്റേജ്-3 ഇന്ന്

വ്യാഴാഴ്ച നടക്കുന്ന ദുബായ് ടൂറിന്റെ സ്റ്റേജ്-3 സ്‌കൈഡൈവ് ദുബായില്‍നിന്ന് ആരംഭിച്ച് ഫുജൈറയില്‍ അവസാനിക്കും.

ഉം സുഖീം സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, ദുബായ്-അല്‍ ഐന്‍ റോഡ്, അക്കാദമിക്ക് സിറ്റി സ്ട്രീറ്റ്, അല്‍ അവീര്‍ റോഡ്, ഹട്ട-ഒമാന്‍ റോഡ് എന്നിവിടങ്ങളിലൂടെ ഷാര്‍ജ വഴി മത്സരാര്‍ഥികള്‍ ഫുജൈറയിലേക്ക് പ്രവേശിക്കും.

ഹെസ്സ സ്ട്രീറ്റ്, അല്‍ തനിയെ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ അവീര്‍ റോഡ്, ദുബായ്-അല്‍ ഐന്‍ റോഡ് എന്നിവയാണ് ദുബായ് ടൂര്‍ കടന്നുപോകുന്ന സമയത്ത് വാഹനങ്ങള്‍ക്കുപകരം ഉപയോഗിക്കാവുന്ന റോഡുകളെന്ന് അധികൃതര്‍ പറഞ്ഞു.