ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധികാരമേറ്റടുത്തിട്ട് 12 വര്‍ഷം തികയുകയാണ്. ഈയവസരത്തില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഹൃദയഹാരിയായ ഒരു കത്തിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് ദുബായ് ഭരണാധികാരി. അധികാരമേറ്റതിന്റെ വാര്‍ഷികദിനമായ ജനുവരി നാലിന് ആഘോഷങ്ങളല്ല മറിച്ച് രാജ്യത്തെ സേവിക്കുന്നവര്‍ക്ക് നന്ദിയറിയിക്കുകയാണ് വേണ്ടതെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച കത്തില്‍ അദ്ദേഹം പറഞ്ഞു.

'പുതുവര്‍ഷം ആരംഭിക്കുമ്പോള്‍, പുതിയൊരു അധ്യായം തുടങ്ങുമ്പോള്‍ സഹോദരനും സുഹൃത്തുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യനോട് എന്റെ സന്ദേശം ഇതാണ് , നന്ദി മുഹമ്മദ് ബിന്‍ സായിദ്' -ദുബായ് ഭരണാധികാരി കത്തില്‍ പറയുന്നു.

യുവാക്കളെ പിന്തുണയ്ക്കുന്നതിനും വീരയോദ്ധാക്കളെ വളര്‍ത്തിയെടുക്കുന്നതിനും സൈന്യത്തെ നയിക്കുന്നതിനും ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് കത്തില്‍ നന്ദി പറയുന്നുണ്ട്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വര്‍ഷത്തില്‍ ഒരാഴ്ചയില്‍ താഴെയാണ് അവധി എടുക്കുന്നതെന്നും ദിവസത്തില്‍ 18 മണിക്കൂര്‍ അദ്ദേഹം ജോലി ചെയ്യുമെന്നും ചുരുക്കം ചിലര്‍ക്കു മാത്രമേ അറിയൂ. ജനങ്ങളുടെ സേവനത്തിനും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി പൂര്‍ണ മനസ്സോടെയുള്ള സമര്‍പ്പണത്തിനു കത്തില്‍ നന്ദിയറിയിക്കുന്നു. അദ്ദേഹം അര്‍ഹിക്കുന്ന സംഗതികളെ അഭിസംബോധനചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്. അര്‍ഥവത്തായ ഒരു വാക്കോ, പ്രചോദനപരമായ ചിത്രമോ, നന്മ നിറഞ്ഞ പ്രവൃത്തിയോ വഴി അബുദാബി കിരീടാവകാശിയുടെ സേവനങ്ങള്‍ക്ക് നന്ദി അറിയിക്കാന്‍ പൗരന്മാരോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് കത്ത് അവസാനിപ്പിക്കുന്നത്.