ദുബായ്: താരതമ്യങ്ങള്‍ക്കതീതമാണ് ദുബായ് നഗരത്തിന്റെ വളര്‍ച്ച. സമാനതകളില്ലാത്ത വികസന മാതൃകയാണ് ദുബായിയുടെ നേട്ടം. എന്നാല്‍ ടെക് ഭീമന്‍ ഗൂഗിളിന്റെ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഗൂഗിളിന്റെയും ദുബായിയുടെയും വളര്‍ച്ച ഒരുപോലെയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലൂടെയാണ് ദുബായ് കിരീടാവകാശി ചിന്തകള്‍ പങ്കുവെച്ചിരിക്കുന്നത്.

'ഒരു കൊച്ചുമുറിയില്‍നിന്നാണ് ഗൂഗിള്‍ തുടങ്ങുന്നത്. 600 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി ഗൂഗിള്‍ വളര്‍ന്നു. ലോകത്തിലെ അറിവുകളെല്ലാം സംഭരിച്ച് എല്ലാവരിലും എത്തിക്കുകയാണ് അവരുടെ ലക്ഷ്യം' ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു.
 
വിജ്ഞാനത്തിന്റെ അറിവിന്റെ ഭാവിയാണ് അവര്‍ നിര്‍മിച്ചതെങ്കില്‍ നാഗരികതയുടെ ഭാവിക്ക് ഒരു മാതൃകാനഗരമാണ് നമ്മള്‍ സൃഷ്ടിച്ചതെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. ഗൂഗിളുമായുള്ള സഹകരണത്തിലൂടെ മനുഷ്യപുരോഗതിക്ക് ആവശ്യമായ മികച്ച സംഭാവനകള്‍ നല്കാന്‍ കഴിയുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചെറിയ തുടക്കങ്ങളില്‍നിന്ന് ലോകോത്തര നിലവാരത്തിലേക്കുയര്‍ന്ന് വലിയ ലക്ഷ്യങ്ങളുമായി കുതിക്കുന്ന ദുബായിയുടെ വികസനക്കുതിപ്പിനെയാണ് ഗൂഗിളിന്റെ വളര്‍ച്ചയുമായി ശൈഖ് ഹംദാന്‍ താരതമ്യം ചെയ്തത്.