ദുബായ്: യു.എ.ഇ.ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി. നടത്തിവരുന്ന ആഘോഷ പരിപാടികള്‍ ഡിസംബര്‍ എട്ടിന് വെള്ളിയാഴ്ച സമാപിക്കും.

വൈകുന്നേരം ആറിന് ഗര്‍ഹൂദ് എന്‍.ഐ. മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുസമ്മേളനവും കലാപരിപാടികളും നടക്കുമെന്ന് പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മയീല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രക്തദാന ക്യാമ്പ്, കായികമേള, കലാസാഹിത്യമത്സരം, കുക്കറിഷോ തുടങ്ങിയ പരിപാടികള്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്നു. ദുബായ് പോലീസുമായി ചേര്‍ന്ന് ഫിറ്റ്‌നസ് ചാലഞ്ച് പ്രോഗ്രാമും നടത്തി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ക്ലീന്‍ അപ് ദ് വേള്‍ഡ് ശുചീകരണ യജ്ഞത്തില്‍ ആയിരങ്ങളെ അണിനിരത്തി അധികൃതരുടെ പ്രശംസ പിടിച്ചുപറ്റാനും കഴിഞ്ഞതായി അവര്‍ പറഞ്ഞു.

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍, പാണക്കാട്‌സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., ഗള്‍ഫാര്‍ മുഹമ്മദലി, എം.എ. സലീം തുടങ്ങിയവരും സംബന്ധിക്കും. വാണിജ്യ വ്യാപാര രംഗത്തെ മികവുകള്‍ക്ക് സഹീര്‍ സ്റ്റോറീസ്, മുസ്തഫ അല്‍ ഖത്താല്‍, നിയാസ് കണ്ണേത്ത്, റഫീഖ് എ.ടി. ഷിയാസ് സുല്‍ത്താന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ആഘോഷങ്ങള്‍ക്ക് സമാപനംകുറിച്ച് ഇശല്‍ നൈറ്റും അരങ്ങേറും എം.എ. ഗഫൂര്‍, നവാസ് പാലേരി, ഹംദ നൗഷാദ്, മുഹമ്മദ് ഷന്‍വര്‍, റബീഉള്ള എന്നിവര്‍ ഗാനങ്ങളാലപിക്കും. ദുബായ് കെ.എം.സി.സി. അവതരിപ്പിക്കുന്ന കോല്‍ക്കളി, അറബന മുട്ട്, കുട്ടികളുടെ അറബി ഡാന്‍സ്, ഒപ്പന എന്നിവ അരങ്ങേറും. ഡോ. സുബൈര്‍ തയ്യാറാക്കിയ ഇന്റര്‍നാഷണല്‍ ഫാല്‍ക്കന്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടാകുമെന്ന് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. സാജിദ് അബൂബക്കര്‍ അറിയിച്ചു. ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂര്‍, ഇസ്മായില്‍ ഏറാമല, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍. ഷുക്കൂര്‍, ഹുസൈനാര്‍ തോട്ടുംഭാഗം എന്നിവരും സംബന്ധിച്ചു.