ദുബായ്: വൈവിധ്യവത്കരണ പദ്ധതികളില്‍ പരസ്​പരം കൈകോര്‍ത്ത്, യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക വാണിജ്യബന്ധം മെച്ചപ്പെടുത്താനുള്ള ആഹ്വാനവുമായി യു.എ.ഇ.-ഇന്ത്യ സാമ്പത്തികഫോറം 2017 ദുബായില്‍ സമാപിച്ചു. വ്യവസായം, സാങ്കേതികത, തുറമുഖങ്ങള്‍, ആരോഗ്യം, പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, ടൂറിസം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപവും സഹകരണവും വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് രണ്ടു ദിവസം നീണ്ടുനിന്ന ഫോറം ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ക്ക് ഖദ്ദാത് അല്‍ തഗീര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചാണ് ഫോറം സമാപിച്ചത്.

വൈവിധ്യവത്കരണ പദ്ധതികളില്‍ യു.എ.ഇ.യും ഇന്ത്യയും കൈകോര്‍ക്കുകയാണെന്നും നൂതന ആശയങ്ങളിലൂടെയും സാങ്കേതിക-വൈജ്ഞാനിക മികവിലൂടെയും എണ്ണയിതര കാലഘട്ടത്തിലേക്ക് യു.എ.ഇ. മുന്നേറുമ്പോള്‍ ആഭ്യന്തര വിപണി ശക്തിപ്പെടുത്തല്‍, വനിതാശാക്തീകരണം, നോട്ട് നിരോധനം തുടങ്ങിയ നടപടികളിലൂടെ ഇന്ത്യയും വികസനപാതയിലാണെന്നും യു.എ.ഇ. സാമ്പത്തിക മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജുമാ മുഹമ്മദ് അല്‍ കെയ്ത് ഫോറത്തില്‍ സംസാരിക്കവെ ചൂണ്ടിക്കാട്ടി.

കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയും സാധ്യതകള്‍ കണ്ടെത്തുകയും ചെയ്യുക, നിക്ഷേപ പദ്ധതികളുടെ സമഗ്രരൂപരേഖയുണ്ടാക്കുക, നിക്ഷേപകര്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, നിക്ഷേപനിധി കണ്ടെത്തുകയും വിനിയോഗത്തിനുള്ള മാര്‍ഗരേഖകള്‍ തയാറാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് സാമ്പത്തിക ഫോറത്തിന്റെ പരിധിയിലുള്ളത്. അടിസ്ഥാനസൗകര്യ വികസനം, റോഡുകള്‍, റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ്, ധനകാര്യം, ഇ-കൊമേഴ്‌സ് ഹോസ്​പിറ്റാലിറ്റി, ടൂറിസം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, ഫ്രീ സോണുകള്‍ തുടങ്ങിയവയാണ് ഫോറത്തിന്റെ ഭാഗമായ പ്രധാന വ്യവസായ വിഭാഗങ്ങള്‍.

സാമ്പത്തിക മന്ത്രാലയം, യു.എ.ഇ. ഇന്റര്‍നാഷനല്‍ ഇന്‍വെസ്റ്റേഴ്‌സ് കൗണ്‍സില്‍ (യു.എ.ഇ.ഐ.ഐ.സി.), ഫെഡറേഷന്‍ ഓഫ് യു.എ.ഇ. ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ഇന്‍വെസ്റ്റ് ഇന്ത്യ, ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഷുരൂഖ്) എന്നിവ സാമ്പത്തിക ഫോറത്തില്‍ പങ്കാളികളായിരുന്നു.