ദുബായ്: ദുബായിലെ സമാന്തരറോഡ് വികസനപദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. 100 കോടി ദിര്‍ഹം ചെലവ് വരുന്ന പദ്ധതിയില്‍ പൂര്‍ത്തിയായ റോഡ് ഗതാഗതത്തിനായി തുറന്നു. പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് ഇത്. ശൈഖ് റാഷിദ് റോഡ് മുതല്‍ അബുദാബിയുടെ അതിര്‍ത്തിവരെ 108 കിലോമീറ്റര്‍ നീളത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പാലങ്ങളും മേല്‍പ്പാലങ്ങളും തുരങ്കങ്ങളും നടപ്പാതകളുമെല്ലാം നിര്‍മിക്കും .

അല്‍ മെയ്ദാനിലെയും അല്‍ ഖെലിലെയും ഇന്റര്‍സെക്ഷനുകള്‍ വലുതാക്കി. തിരക്കുള്ള സമയങ്ങളില്‍ ഗതാഗതം കുറയ്ക്കാന്‍ മേല്‍പ്പാലങ്ങളും അല്‍ ഖെലില്‍നിന്ന് ഷാര്‍ജയിലേക്ക് പോകുന്ന ദിശയില്‍ ഊദ് മേത്ത ഇന്റര്‍സെക്ഷന്‍ വരെ രണ്ടു ലെയിനുള്ള പാലവും പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്.
 
നാല് ഭൂഗര്‍ഭടണലുകള്‍ ഉള്‍പ്പെടെ മെയ്ദാനിലേക്ക് പ്രവേശിക്കാനും പുറത്തേക്കുപോകാനും പ്രത്യേക പാതകള്‍ തുറന്നു. രണ്ടുഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ ശൈഖ് സായിദ് റോഡിലെ തിരക്ക് 15 ശതമാനം വരെ കുറയ്ക്കാന്‍ കഴിയും. ഇരുദിശകളിലും മണിക്കൂറില്‍ 20,000 വാഹനങ്ങള്‍ അധികം ഉള്‍ക്കൊള്ളാന്‍ പുതിയ പദ്ധതി സഹായമാകും. ഇതോടെ ശൈഖ് സായിദ് റോഡില്‍നിന്ന് അല്‍ ഖേലിലേക്കുള്ള യാത്രാദൂരം 12 മിനുട്ടില്‍നിന്ന് രണ്ടരമിനുട്ടായി കുറയും.