ദുബായ്: ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന 'ദിര്‍ഹം ഖൈര്‍' സംരംഭത്തില്‍ ഇതുവരെ പങ്കുചേര്‍ന്നത് 30,000 പേര്‍.
 
ആര്‍.ടി.എ.യുടെ സ്മാര്‍ട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ദിര്‍ഹം വീതം സംഭാവന ചെയ്യാന്‍ അവസരമൊരുക്കുന്ന സംരംഭം ജൂലായിലാണ് തുടങ്ങിയത്.

വാഹന രജിസ്‌ട്രേഷനും ലൈസന്‍സും പുതുക്കാനും ട്രാഫിക് പിഴ നല്‍കാനും സ്മാര്‍ട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ നല്ലൊരു പങ്കും ഈ സംരംഭത്തിന്റെ ഭാഗമായതായി അധികൃതര്‍ അറിയിച്ചു. ദരിദ്രരാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ-ഗതാഗത മേഖലകളിലെ വികസനത്തിനാണ് ദിര്‍ഹം ഖൈര്‍ വഴി ലഭിക്കുന്ന സഹായധനം ഉപയോഗിക്കുക.
 
ആര്‍.ടി.എ. ആപ്പ്, ദുബായ് ഡ്രൈവ് ആപ്പ്, ആര്‍.ടി.എ. വെബ്‌സൈറ്റ് എന്നിവ വഴി ദിര്‍ഹം ഖൈര്‍ സംരംഭത്തില്‍ പങ്കുചേരാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ ഇംഗ്ലീഷിലും അറബിയിലും ലഭ്യവുമാണ്.