ദുബായ്: യൂറോപ്യന്‍ യൂനിയനിലുള്‍പ്പെട്ട രാജ്യമായ സ്ലൊവാക്യ റിപ്പബ്‌ളിക്കിന്റെ കേരളത്തിലെയും കര്‍ണാടകയിലെയും ഹോണററി കോണ്‍സലായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും മലയാളിയുമായ ഡോ. സി.ജെ. റോയ് നിയമിതനായി. ആദ്യമായാണ് യു.എ.ഇ.യില്‍നിന്ന് ഒരു പ്രവാസി മലയാളി ഇത്തരമൊരു പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യന്‍ രാഷ്ട്രപതിയും ഈ നിയമനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

ഒന്നരവര്‍ഷത്തിലേറെ നീണ്ട നടപടിക്രമങ്ങള്‍ക്കുശേഷമാണ് ഈ നിയമനമെന്ന് പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായി കൂടിയായ ഡോ. റോയ് പറഞ്ഞു. ഈമാസം 27-ന് ബെംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് സ്ലൊവാക്യ റിപ്പബ്ലികിന്റെ കോണ്‍സുലേറ്റ് ഓഫീസും തുറക്കും.

രണ്ട് സംസ്ഥാനങ്ങളിലുമുള്ള സ്ലൊവാക്യ പൗരന്മാരുടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനൊപ്പംതന്നെ ഇന്ത്യയുമായുള്ള ബിസിനസ് ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും തന്റെ സ്ഥാനം വിനിയോഗിക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്ലൊവാക്യയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഓണററി കോണ്‍സലാണ് ഡോ. സി.ജെ. റോയ്. സൈനിക ഉപകരണങ്ങളുടെ നിര്‍മാണത്തിലും കൃഷിയിലും പേരുകേട്ട നാടാണ് സ്ലോവാക്യ. ടാറ്റയുടെ വാഹനനിര്‍മാണ യൂണിറ്റ് ഹംഗറി, ഓസ്ട്രിയ എന്നീ രാജ്യങ്ങളോടു ചേര്‍ന്നുകിടക്കുന്ന സ്ലൊവാക്യയില്‍ ഉടന്‍ തുടങ്ങുന്നുണ്ട്.
 
കൂടുതല്‍ ബിസിനസ് സംരംഭകരെ കണ്ടെത്തുന്നതിനൊപ്പം നമ്മുടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് അവിടെ വിപണി കണ്ടെത്താനും പരിശ്രമിക്കും. ഇതിനായി കൂടുതല്‍ ബിസിനസ് മീറ്റുകള്‍ സംഘടിപ്പിക്കും. കോണ്‍ഫിഡന്റ് ഗ്രൂപ്പും സ്ലോവാക്യയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. സ്ലൊവാക്യയിലൂടെ യൂറോപ്പിലേക്ക് ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് സാമ്പത്തിക ഇടനാഴി ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തന്റെ ഓണററി കോണ്‍സല്‍ പദവിയെന്നും സി.ജെ. റോയ് പറഞ്ഞു.

കോണ്‍സലേറ്റിന്റെ സാറ്റലൈറ്റ് ഓഫീസ് താമസിയാതെ കൊച്ചിയിലും പ്രവര്‍ത്തനം ആരംഭിക്കും.