ദുബായ്: കേരളത്തിലെന്നപോലെ വിവിധ ഗള്‍ഫ് നാടുകളിലും ലഭിച്ച വരവേല്‍പ്പിന്റെ ആവേശത്തിലാണ് ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

കേരളത്തിലെ തിയറ്ററുകളില്‍ ഉദ്ഘാടന ദിവസങ്ങളില്‍ ലഭിച്ച ആവേശകരമായ സ്വീകരണത്തിന്റെ നാലിരട്ടിയാണ് യു.എ.ഇ.യിലെ സ്‌ക്രീനുകളില്‍ ലഭിച്ചതെന്ന് നിര്‍മാതാവ് അനൂപ് കണ്ണന്‍ പറയുന്നു. കേരളത്തിന്റെ രാഷ്ട്രീയവും അതിന്റെ ചൂടും ചൂരുമെല്ലാം തൊട്ടറിയുന്ന പ്രവാസികള്‍ സിനിമയ്ക്ക് നല്‍കിയ സ്വീകരണം ഏറെ ആവേശം നല്‍കുന്നുണ്ട്.

ഇതിനകം കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ തിയറ്ററുകളില്‍ നിന്നുമായി ഗ്രോസ് കളക്ഷന്‍ 21 കോടി രൂപ കവിഞ്ഞു എന്നത് വലിയ അംഗീകാരമാണ്. ദുബായിലെയും മറ്റും തിയേറ്ററുകളില്‍ ആദ്യ ദിവസങ്ങളില്‍ ചുവപ്പ് ഷര്‍ട്ടിട്ടുകൊണ്ടാണ് കാണികള്‍ എത്തിയത്. സിനിമയോടുള്ള വൈകാരികമായ ഐക്യദാര്‍ഢ്യമായിരുന്നു അതെന്ന് അനൂപ് പറഞ്ഞു. അടുത്ത വെള്ളിയാഴ്ച അമേരിക്കയിലും കാനഡയിലും ചിത്രം റിലീസ് ചെയ്യും.