ദുബായ്: യു.എ.ഇ.യില്‍ വാഹനരജിസ്‌ട്രേഷന്‍, ടെസ്റ്റിങ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയ്ക്ക് ഫെഡറല്‍തലത്തില്‍ ഏകീകൃതനിരക്കുകള്‍ നിലവില്‍വന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഫെഡറല്‍ ഉത്തരവ് പ്രകാരം ഡിസംബര്‍ ഒന്ന് മുതല്‍ പുതുക്കിയനിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

ട്രാഫിക് സേവനങ്ങളും സുരക്ഷയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിരക്കുകള്‍ പുതുക്കിയതെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

വാഹനരജിസ്‌ട്രേഷന്‍, ടെസ്റ്റിങ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളുടെയും നിരക്കില്‍ വ്യത്യാസമുണ്ടാകും. ഇതനുസരിച്ച് ആദ്യമായി വണ്ടി രജിസ്റ്റര്‍ചെയ്യാന്‍ 400 ദിര്‍ഹമാണ് ഫീസ്. രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് ദുബായില്‍ 250 ദിര്‍ഹമായിരുന്നു. പുതുക്കിയ നിരക്കനുസരിച്ച് 350 ദിര്‍ഹമാണ് നല്‍കേണ്ടത്. വാഹനപരിശോധനയ്ക്ക് 120 ദിര്‍ഹമായിരുന്നത് 150 ദിര്‍ഹമാകും. ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി ഫയല്‍തുറക്കാനുള്ള പുതിയനിരക്ക് 200 ദിര്‍ഹമാണ്. വിവിധ എമിറേറ്റുകളില്‍ ബന്ധപ്പെട്ട അധികൃതരുടെ ഫീസും സര്‍വീസ് ചാര്‍ജുകളും പുതുക്കിയ നിരക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ല.
 
പുതുക്കിയ നിരക്കുകള്‍

ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍

ട്രാഫിക് ഫയല്‍ തുറക്കാന്‍ - 200 ദിര്‍ഹം

തിയറി പരീക്ഷയ്ക്ക് - 200 ദിര്‍ഹം

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് - 200 ദിര്‍ഹം

തിയറി/പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ക്ക് അപ്പോയിന്റ്‌മെന്റിന് - 300 ദിര്‍ഹം

ഒരു വര്‍ഷത്തെ ഡ്രൈവിങ് ലൈസന്‍സ് -100 ദിര്‍ഹം

ഒരു വര്‍ഷത്തിന് മുകളിലുള്ള ലൈസന്‍സ് - 300 ദിര്‍ഹം

വാഹന പരിശോധന

ലൈറ്റ് വാഹനങ്ങളുടെ ടെസ്റ്റിങ് - 150 ദിര്‍ഹം

ഹെവി വാഹനങ്ങള്‍ക്ക് - 200 ദിര്‍ഹം

വിശദമായ സാങ്കേതിക പരിശോധനയ്ക്ക് - 350 ദിര്‍ഹം

മറ്റുസേവനങ്ങള്‍

വാഹന രജിസ്‌ട്രേഷന്‍ - 400 ദിര്‍ഹം

രജിസ്‌ട്രേഷന്‍ പുതുക്കാന്‍- 350 ദിര്‍ഹം

അപകടത്തെത്തുടര്‍ന്ന് ലഭിക്കുന്ന പരിശോധനാ റിപ്പോര്‍ട്ട് - 500 ദിര്‍ഹം

ബ്ലാക്ക് പോയന്റ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് - 100 ദിര്‍ഹം

ട്രാഫിക്ക് പിഴ ഒഴിവാക്കിയ സര്‍ട്ടിഫിക്കറ്റിന് - 100 ദിര്‍ഹം

വണ്ടി റിപ്പയര്‍ചെയ്യാന്‍ അനുവദിക്കുന്ന പെര്‍മിറ്റിന് - 50 ദിര്‍ഹം

ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ അപകട റിപ്പോര്‍ട്ടിന് - 400 ദിര്‍ഹം