അബുദാബി: ഞായറാഴ്ച മുതല്‍ യു.എ.ഇ.യില്‍ എക്‌സൈസ് നികുതി പ്രാബല്യത്തില്‍ വന്നു. യു.എ.ഇ.യില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമഗ്ര നികുതിസംവിധാനത്തിന്റെ ആദ്യപടിയെന്നോണമാണ് ആരോഗ്യത്തിന് ഹാനികരമായ ചില ഉത്പന്നങ്ങള്‍ക്ക് എക്‌സൈസ് നികുതിയീടാക്കുന്നത്. ഉത്പന്നങ്ങളുടെ വിലയുടെ നൂറ് മുതല്‍ ഇരുന്നൂറ് ശതമാനം വരെയാണ് നികുതി.

പുകയില ഉത്പന്നങ്ങള്‍, ഊര്‍ജ പാനീയങ്ങള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയ്ക്ക് നൂറ് ശതമാനവും പഞ്ചസാരയുടെ അളവ് കൂടിയ പാനീയങ്ങള്‍ക്ക് അന്‍പത് ശതമാനവുമാണ് നികുതിയേര്‍പ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച മുതല്‍ കടകളില്‍ നികുതിയിനത്തിലുള്ള വര്‍ധന കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിലയാണ് സാധനങ്ങള്‍ക്ക് നല്‍കുന്നത്.
 
ഫ്രീസോണുകളിലും തുറമുഖങ്ങളിലും ഇത് ബാധകമാണ്. എന്നാല്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന ഉത്പന്നങ്ങള്‍ക്ക് തത്കാലം നികുതിയേര്‍പ്പെടുത്തിയിട്ടില്ല. പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന ഉത്പന്നങ്ങളുടെ ഉപഭോഗത്തില്‍ കുറവുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് ദിര്‍ഹമായിരുന്ന സോഡയ്ക്ക് മൂന്നും പത്ത് ദിര്‍ഹത്തിന്റെ സിഗരറ്റിന് ഇരുപതും ഊര്‍ജദായക പാനീയങ്ങള്‍ക്ക് കുറഞ്ഞത് 16-ഉം ദിര്‍ഹമാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടത്. ചെറിയ കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും ഹോട്ടലുകളിലുമടക്കം എല്ലായിടത്തും നികുതി ബാധകമാണ്.

പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളാണ് യു.എ.ഇ.യില്‍ ഏറ്റവും വ്യാപകമായുള്ളത്. ആരോഗ്യകരമായ ജീവിതഭക്ഷണ ശീലങ്ങളിലൂടെ ഇവയ്ക്ക് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ വലിയ നികുതിയീടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത്. നൂറ് ശതമാനം എക്‌സൈസ് നികുതിയീടാക്കുന്നതോടെ യു.എ.ഇ.യിലെ പുകയില ഉപഭോഗം 40 ശതമാനമായി കുറയുമെന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്. അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാവുന്ന പുകയില ഉത്പന്നങ്ങള്‍ക്ക് യു.എ.ഇ. ഇരട്ടി നികുതിയേര്‍പ്പെടുത്തിയത് ലോകാരോഗ്യ സംഘടനയുടേതടക്കം അഭിനന്ദനങ്ങള്‍ക്കും വഴിയൊരുക്കി.

പഞ്ചസാരകലര്‍ന്ന പാനീയങ്ങളുടെ ഉപഭോഗമാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണമെന്നും പഠനങ്ങളുണ്ട്. പഞ്ചസാര കൂടിയ ഊര്‍ജദായക പാനീയങ്ങളുടെ നിരന്തര ഉപഭോഗം പ്രമേഹരോഗത്തിന്റെ പ്രധാന കാരണങ്ങളാണ്. ഇതിനെല്ലാം പുറമെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തും വലിയ സംഭാവനയാണ് എക്‌സൈസ് നികുതി നല്‍കുക. എഴുന്നൂറ് കോടി ദിര്‍ഹത്തിന്റെ അധിക വരുമാനമാണ് പ്രതിവര്‍ഷം നികുതിയിനത്തില്‍ സര്‍ക്കാറിന് ലഭിക്കുക. 2018 ജനുവരി ഒന്നോടെ യു.എ.ഇയില്‍ നടപ്പാക്കാനിരിക്കുന്ന മൂല്യവര്‍ധിത നികുതിസംവിധാനത്തിന്റെ (വാറ്റ്) തുടക്കമായാണ് ഇത് നടപ്പാക്കുന്നത്. അഞ്ച് ശതമാനമാണ് വാറ്റ് നികുതി.