ദുബായ്: കേരള സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനുള്ള നിരവധി പദ്ധതികള്‍ ഉണ്ട് എന്ന് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.സിദ്ധിഖ് അഹമ്മദ്. ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്ക് നൂറ് കോടി രൂപ അനുവദിച്ചത് ഗള്‍ഫിലെ മാത്രമല്ല മറ്റ് വിദേശ രാജ്യങ്ങളിലെയും മലയാളികള്‍ക്ക് ഗുണം ചെയ്യും. പ്രവാസി ക്ഷേമനിധിക്ക് ഒന്‍പത് കോടി രൂപ വകയിരുത്തിയതിനെയും സ്വാഗതം ചെയ്യുന്നു. പ്രവാസി പെന്‍ഷന്‍ ഉയര്‍ത്തിയത് ഏറെ ഗുണകരമാണ്.
കൊറോണ പ്രതിസന്ധി കാരണവും നിതാഖാത് പോലുള്ള സ്വദേശിവത്കരണ നടപടികള്‍ കാരണവും പതിനായിരക്കണക്കിന് പ്രവാസികള്‍ ഓരോ വര്‍ഷവും ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുകയാണ്. പ്രവാസ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സര്‍ക്കാര്‍ മനസിലാക്കി എന്ന് ബജറ്റില്‍ നിന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു പ്രവാസി സൗഹൃദ ബജറ്റ് ഉണ്ടായത് എന്നും സിദ്ധിഖ് അഹമ്മദ് പറഞ്ഞു.
നൈപുണ്യ പദ്ധതി വഴി തൊഴില്‍ പരിശീലിപ്പിക്കാനുള്ള പദ്ധതി വിപുലപ്പെടുത്തുമെന്ന് തോമസ് ഐസക് വ്യക്താക്കിയിരിക്കുന്നു. ഗള്‍ഫ് മേഖലയിലേക്ക് പുതിയ തൊഴില്‍ തേടുന്ന ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഇത്. പ്രവാസി ഓണ്‍ലൈന്‍ സംഗമങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്ന പ്രഖ്യാപനം നല്ല ആശയമാണ്. ഒട്ടനവധി നല്ല പ്രഖ്യാപനങ്ങള്‍ ഉള്ള ബജറ്റിനെ സ്വാഗതം ചെയുന്നു.
ഇനി ബജറ്റിലെ ഓരോ നിര്‍ദേശവും സമയബന്ധിതമായി സര്‍ക്കാര്‍ നടപ്പാക്കുകയാണ് വേണ്ടത്. അതിന് ഓരോ മേഖലയിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണം. പ്രവാസി സമൂഹത്തിന്റെയും കേരളീയ സമൂഹത്തിന്റെയും സമഗ്ര വളര്‍ച്ചയ്ക്ക് ഉതകുന്ന ഏത് ആശയത്തിനും ഇറാം ഗ്രൂപ്പ് ഒപ്പം ഉണ്ടാകുമെന്നും ഡോ.സിദ്ധിഖ് അഹമ്മദ് പറഞ്ഞു.
Content Highlights: Dr. Siddeek Ahmed, Kerala Budget 2021