ഷാര്‍ജ: വൈവിധ്യമാര്‍ന്ന മതവേദദര്‍ശനങ്ങള്‍ക്ക് ഇടം നല്‍കുകയും അവയെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട് പൗരാണിക ഇന്ത്യ സഹിഷ്ണുതയുടെ മഹത്തായ പാരമ്പര്യമാണ് ലോകത്തിന് പകര്‍ന്നുനല്‍കിയതെന്ന് പ്രഭാഷകനും പണ്ഡിതനുമായ സി.എം. മൗലവി ആലുവ പറഞ്ഞു.

ഷാര്‍ജ പുസ്തകോത്സവത്തില്‍ കെ.എന്‍.എം. പബ്ലിക്കേഷന്‍സ്, യുവത ബുക്‌സ് എന്നിവ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ 'സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം' എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 
സ്‌നേഹത്തിന്റെ പര്യായമായി ക്രൈസ്തവമതവും സാഹോദര്യത്തിന്റെ മതമായി ഇസ്ലാമും അംഗീകാരത്തിന്റെ ദര്‍ശനമായി ഹിന്ദുമതവും ലോകത്ത് അറിയപ്പെടുന്നു. സഹവര്‍ത്തിത്വമുള്ള ജീവിതത്തിനുള്ള അടിസ്ഥാനം സാഹോദര്യബോധമാണ്. അതുകൊണ്ടാണ് ഇസ്ലാം സാഹോദര്യത്തിന് വലിയ പരിഗണന നല്‍കിയിട്ടുള്ളത്.
 
മനസ്സറിഞ്ഞ് ചിരിക്കുകയും ഉള്ളുതുറന്ന് സംസാരിക്കുകയും ഭോഗമനസ്സിനെ നിയന്ത്രിക്കുകയും ചെയ്യുകയാണ് സഹവര്‍ത്തിത്വത്തിനും സമാധാനപൂര്‍ണമായ ജീവിതത്തിനുമുള്ള ഫലപ്രദമായ മാര്‍ഗമെന്ന് അദ്ദേഹം വിവരിച്ചു.

യു.എ.ഇ. യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ വാഹിദ് മയ്യേരി സ്വാഗതവും ജാഫര്‍ സ്വാദിഖ് നന്ദിയും പറഞ്ഞു.