അബുദാബി: ജിംഗിള്‍ ബെല്ലുകള്‍ മുഴങ്ങിത്തുടങ്ങി. ലോകം ക്രിസ്മസ് ലഹരിയിലേക്ക്... ഡിസംബറിന്റെ അരിച്ചിറങ്ങുന്ന തണുപ്പില്‍ സമ്മാനങ്ങളുമായി വന്നെത്തുന്ന അപ്പൂപ്പനാണ് ഇപ്പോള്‍ വിപണിയിലെങ്ങും.

പഞ്ഞിക്കെട്ട് പോലുള്ള വെള്ളത്താടിയും മീശയും വട്ടക്കണ്ണടയും ചുവന്ന തൊപ്പിയും കോട്ടുമണിഞ്ഞ് സമ്മാനപ്പൊതികളുമായി നില്‍ക്കുന്ന അപ്പൂപ്പന്മാരെ കാണാനും വാങ്ങാനുമായി മാളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും നിരവധിപേരാണ് എത്തുന്നത്. ഉള്ളം കൈയില്‍ കൊള്ളുന്ന കുഞ്ഞന്‍ അപ്പൂപ്പന്‍ മുതല്‍ ഒരാള്‍പൊക്കമുള്ള അപ്പൂപ്പന്‍ വരെയുണ്ട് കടകളില്‍. പതിനഞ്ച് ദിര്‍ഹം മുതല്‍ അഞ്ഞൂറ്് ദിര്‍ഹം വരെയുള്ള സാന്റാ രൂപങ്ങളാണ് വിറ്റുപോകുന്നത്.

വീടുകളില്‍ അലങ്കരിക്കാന്‍ പാകത്തില്‍ ചെറുതും വലുതുമായ ക്രിസ്മസ് ട്രീകള്‍, അവയിലേക്കായി പലതരത്തിലുള്ള സമ്മാനങ്ങളും നക്ഷത്രങ്ങളും പലതരത്തിലുള്ള പുല്‍ക്കൂടുകള്‍ എന്നിവയെല്ലാമാണ് ഇപ്പോള്‍ കടകളിലെത്തുന്നവരെ ആകര്‍ഷിക്കുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഇത്തരം ഉത്പന്നങ്ങളാണ് യു.എ.ഇ. മാര്‍ക്കറ്റുകളില്‍ എത്തിയിട്ടുള്ളത്. ഇതില്‍ പലതും കുട്ടികളെ ആകര്‍ഷിക്കുംവിധമാണ് ഒരുക്കിയിരിക്കുന്നത്.

നഗരത്തിലെ മിക്ക ഹോട്ടലുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ക്രിസ്മസ് ലഹരിയിലായിക്കഴിഞ്ഞു. അബുദാബിയിലെ അത്യാഡംബര ഹോട്ടലായ എമിറേറ്റ്‌സ് പാലസിന്റെ നടുത്തളം ഭീമന്‍ ക്രിസ്മസ് ട്രീയൊരുക്കിയാണ് അതിഥികളെ എതിരേല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷമൊരുക്കിയ മില്യണ്‍ ഡോളര്‍ ക്രിസ്മസ് ട്രീയോളം വരില്ലെങ്കിലും ഇത് കാണാനായി നിരവധിപ്പേരാണ് എത്തുന്നത്.

മഞ്ഞ് പുതഞ്ഞ താഴ്വരയും മരങ്ങളും സൈപ്രസ് മരങ്ങളും അതിനിടയില്‍ സമ്മാനപ്പൊതികളുമായി നില്‍ക്കുന്ന സാന്റയുമെല്ലാം ഇതിന് വശങ്ങളിലായി ഒരുക്കിയിട്ടുണ്ട്. ഇതുപോലെ നഗരത്തിലെ മിക്ക ഹോട്ടലുകളിലും ക്രിസ്മസ് പരിപാടികള്‍ക്ക് തുടക്കമായിക്കഴിഞ്ഞു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള നൃത്ത സംഗീത നിശകളും ഭക്ഷ്യമേളകളും അബുദാബി, യാസ് എന്നിവിടങ്ങളിലെ പല കേന്ദ്രങ്ങളിലായി നടക്കുന്നുണ്ട്.

രാജ്യത്തെ വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള കാരളുകള്‍ക്കും തുടക്കമായി. പത്ത് മുതല്‍ അന്‍പതോളം ആളുകളുള്ള സംഘമായാണ് കാരളെത്തുന്നത്. യുവജനപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ തിരുപ്പിറവി സന്ദേശങ്ങള്‍ നല്‍കുന്ന ഗാനങ്ങളാണ് ആലപിക്കുന്നത്.

ഗിറ്റാര്‍, ചെണ്ട എന്നിവയുടെ അകമ്പടിയില്‍ രാത്രിയാണ് ആഘോഷങ്ങള്‍. സമ്മാനപ്പൊതികളുമായി സാന്റയും സംഘത്തെ അനുഗമിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മധുരപലഹാരങ്ങള്‍ കൈമാറിയും ഒരുമിച്ച് നൃത്തം ചെയ്തുമാണ് കാരള്‍ സംഘങ്ങള്‍ മടങ്ങുക.

വിശ്വാസികളുടെ ഭവനത്തില്‍ ഒത്തുകൂടി നാടിനെ ഓര്‍മിപ്പിക്കും വിധമുള്ള ആഘോഷങ്ങളാണ് ഇവിടെയും നടക്കുന്നത്. അബുദാബി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയം, മാര്‍ത്തോമാ ദേവാലയം, സെയ്ന്റ് ജോസഫ്, യാക്കോബായ സുറിയാനി ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള കാരള്‍ സംഘങ്ങള്‍ വരും ദിവസങ്ങളില്‍ അബുദാബിയുടെ രാത്രികളെ സജീവമാക്കും.