ദുബായ്: ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വര്‍ഷങ്ങളായി നടത്തി വരുന്ന സിഎച്ച് അനുസ്മരണം ഈ വര്‍ഷവും വിപുലമായ രീതിയില്‍ നടത്തുന്നു. ഇതിന്റെ ഭാഗമായുള്ള സിഎച്ച് രാഷ്ട്ര സേവ പുരസ്‌കാരം ഇത്തവണ ശശി തരൂര്‍ എം.പി.ക്ക് നല്‍കും. 

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം ഈ മാസം 26 ന് 
വൈകീട്ട് 6 മണിക്ക് ദുബായ് ദേര മുറഖബാത്ത് പൊലീസ് സ്റ്റേഷന് മുന്‍വശത്തെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഡോ.പി.എ ഇബ്രാഹിം ഹാജി, ദുബായ് കോഴിക്കോട് ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മൊയ്തീന്‍ കോയ ഹാജി, ജന.സെക്രട്ടറി കെ.പി മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ്ുമാരായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം തുടങ്ങിയവര്‍ അറിയിച്ചു. 

ഡോ.എം.കെ മുനീര്‍ എംഎല്‍എ, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, അറബ് പ്രമുഖര്‍ എന്നിവര്‍ പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കും. കോഴിക്കോട് ജില്ലാ കെഎംസിസിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ 'എജുടച്ചി'ന്റെ സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനവും അന്നേ ദിവസം നടക്കും.