റിയാദ്: വിദേശ ഇന്ത്യക്കാര്‍ അയക്കുന്ന 5000 രൂപയില്‍ കുറവുള്ള ഗിഫ്റ്റ് പാഴ്‌സലുകള്‍ക്ക് ചരക്ക്-സേവന നികുതിയില്‍ ഇളവു നല്‍കിയതായി സൗദിയിലെ കാര്‍ഗോസ്ഥാപനങ്ങള്‍ അറിയിച്ചു.
 
ജി.എസ്.ടി. നിലവില്‍വന്നതോടെ 41 ശതമാനം നികുതി ഗിഫ്റ്റ് പാക്കറ്റുകള്‍ക്ക് ചുമത്തിയിരുന്നു. നേരത്തേ 20,000 രൂപവരെയുള്ള പാഴ്‌സലുകള്‍ സമ്മാനമായി പരിഗണിച്ച് നികുതി ഇല്ലാതെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയക്കാന്‍ അനുമതി ഉണ്ടായിരുന്നു. എന്നാല്‍ ജി.എസ്.ടി. നിലവില്‍ വന്നതോടെ 8200 രൂപ നികുതി അടക്കണമെന്ന സ്ഥിതിയായി.

ഇതോടെ ഗള്‍ഫിലെ കാര്‍ഗോ മേഖല പ്രതിസന്ധി നേരിട്ടു. സൗദിഅറേബ്യ ഉള്‍പ്പെടെ ജി.സി.സി. രാഷ്ട്രങ്ങളില്‍ കാര്‍ഗോ വ്യവസായരംഗത്തുള്ളവരില്‍ ഏറെയും ഇന്ത്യക്കാരാണ്. ഇവര്‍ സംഘടിതമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചതോടെയാണ് 5000 രൂപവരെയുള്ള ഗിഫ്റ്റുകള്‍ക്ക് നികുതിഇളവ് നല്‍കിയത്.
 
ഇനിമുതല്‍ കുടുംബാംഗങ്ങളില്‍ ഒരാളുടെ പേരില്‍ 5000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള സാധനങ്ങള്‍ പാര്‍സല്‍ അയക്കണമെങ്കില്‍ നികുതിയും അടയ്ക്കണം. ഇതു മറികടക്കാന്‍ ഒരു വീട്ടിലേക്ക് ഒന്നിലധികം കുടുംബാംഗങ്ങളുടെ പേരില്‍ പ്രത്യേകം പാര്‍സലുകള്‍ അയക്കുന്നതോടെ സ്തംഭനത്തിലായിരുന്ന കാര്‍ഗോ മേഖല സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഗള്‍ഫില്‍ 15,000 ഇന്ത്യക്കാരെങ്കിലും കാര്‍ഗോസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 75 ശതമാനവും മലയാളികളാണ്. ജി.എസ്.ടി. വന്നതോടെ ഇവരുടെ ജോലിയെയും സാരമായി ബാധിച്ചിരുന്നു.