കാത്തിരിപ്പിന് വിരാമമാവുന്നു, ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. നവംബര്‍ ഒന്ന് മലയാളത്തിനും കേരളത്തിനും സവിശേഷമായ ദിവസമാണ്. കേരളപ്പിറവി എന്ന് നാം ആ ദിവസത്തെ പേരിട്ട് വിളിക്കും. എന്നാല്‍ ഗള്‍ഫ് നാടുകളിലുള്ള മലയാളികള്‍ക്കെല്ലാം ഈ നവംബര്‍ ഒന്നിന് കേരളപ്പിറവി മാത്രമല്ല വിശേഷം. വാക്കുകളും ആശയങ്ങളും പൂത്തുലയുന്ന പുസ്തകങ്ങളുടെ മേളയ്ക്ക് കൊടി ഉയരുന്ന ദിവസം കൂടിയാണത്.

ഷാര്‍ജ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് വീണ്ടും ആഹ്ലാദത്തിന്റെ ദിനങ്ങളാണ്.

ഷാര്‍ജ പുസ്തകോത്സവത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുസ്തക പ്രസാധകരെത്തുന്നു. തുടക്കം മുതല്‍ ഈ അക്ഷരവസന്തത്തിന് നേതൃത്വം നല്‍കുന്നത് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമി തന്നെ. അദ്ദേഹത്തിന്റെ ഏറ്റവും അഭിമാനകരമായ സംഭാവനയായ പുസ്തകോത്സവം ഇതിനകം ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ മേളയായി വിശേഷിപ്പിക്കപ്പെടുന്നു. എല്ലാ നവംബര്‍ മാസത്തെയും ആദ്യത്തെ ബുധനാഴ്ച തുടങ്ങി രണ്ടാമത്തെ ശനിയാഴ്ച അവസാനിക്കുന്ന തരത്തില്‍ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്ന ഷാര്‍ജ പുസ്തകോത്സവം ലോകത്തിലെ തന്നെ എല്ലാ പ്രസാധകരുടെയും എഴുത്തുകാരുടെയും പ്രിയപ്പെട്ട മേള കൂടിയാണ്. നാട്ടിലെ ഉത്സവത്തിനോ തെയ്യത്തിനോ പെരുന്നാളിനോ കാത്തിരിക്കുന്നതുപോലെ ഇവിടെ പ്രവാസികളുടെ മനസ്സിലെ കലണ്ടറുകളിലും പുസ്തകോത്സവം എന്നേ സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം 20 ലക്ഷത്തോളം സന്ദര്‍ശകര്‍ മേളയിലെത്തി എന്നാണ് ഏകദേശ കണക്ക്. ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് സന്ദര്‍ശകരുടെ കൈകളിലൂടെ വീടുകളിലെ പുസ്തകക്കൂട്ടങ്ങള്‍ക്കൊപ്പം എത്തിയത്. ഇത്തവണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരത്തി അഞ്ഞൂറിലേറെ പ്രസാധകര്‍, എണ്ണിയാല്‍ തീരാത്ത പുസ്തകങ്ങള്‍. അതെല്ലാം കാണാനും പുസ്തകങ്ങള്‍ സ്വന്തമാക്കാനുമായി തടിച്ചുകൂടുന്ന പുരുഷാരം. ഇതാണ് എക്കാലത്തും ഷാര്‍ജ പുസ്തകോത്സവത്തെ ശ്രദ്ധേയവും വ്യത്യസ്തവുമാക്കുന്നത്.

ഓരോ വര്‍ഷം പിന്നിടുന്തോറും കൂടുതല്‍ പ്രശസ്തിയിലേക്കും വൈപുല്യത്തിലേക്കും കുതിക്കുന്ന പുസ്തകോത്സവത്തിന്റെ താങ്ങും തണലും ഷാര്‍ജ ഭരണാധികാരിയായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ്. പുസ്തകമേളയും ബിനാലെയുമെല്ലാം ചേര്‍ന്ന് ഷാര്‍ജയെ അറബ് ലോകത്തിന്റെ തന്നെ സാംസ്‌കാരിക കേന്ദ്രമായി ഇതിനകം അദ്ദേഹം മാറ്റിക്കഴിഞ്ഞു. ഓരോ വര്‍ഷവും പുതിയ പുതിയ പ്രസാധകരും പുസ്തകപ്രേമികളും ഷാര്‍ജ മേളയിലെത്തുന്നു. അവര്‍ക്കും ഷാര്‍ജ പുതിയ അനുഭവമായിരുന്നു. അയല്‍ രാജ്യങ്ങളില്‍നിന്നുപോലും ധാരാളം പേര്‍ പുസ്തകങ്ങള്‍ വാങ്ങാനായി എത്തുന്നു.

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രാങ്ക് ഫര്‍ട്ട് മേളയും തൊട്ടുപിന്നിലുള്ള ലണ്ടന്‍ മേളയും മോസ്‌കോ മേളയുമെല്ലാം പതിയെ ചുരുങ്ങി വരുന്നതിനിടയിലാണ് ഷാര്‍ജയുടെ വളര്‍ച്ച പരിശോധിക്കേണ്ടത്. മേല്‍പറഞ്ഞ മേളകളിലെല്ലാം ഈ വര്‍ഷം ഒന്നും രണ്ടും ഹാളുകള്‍ ഇല്ലാതായി. നടത്തിപ്പ് ചെലവും പങ്കാളിത്തത്തിലെ കുറവും തന്നെ കാരണം. എന്നാല്‍ ഇത്തവണ ഷാര്‍ജ പുതിയൊരു ഹാള്‍ കൂടി പണിതാണ് മേളയിലെത്തിയവരെ സ്വീകരിക്കുന്നത്. പുസ്തകോത്സവത്തിന്റെ അനുബന്ധ പരിപാടികള്‍ നടത്താന്‍ വേറെ രണ്ട് ഹാളുകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ട് ഇത്തവണ ഷാര്‍ജ.

പുതുതായി സംവിധാനം ചെയ്തിരിക്കുന്ന ഏഴാംനമ്പര്‍ ഹാളിലാണ് ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള പ്രധാന പ്രസാധകരെയെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യന്‍ പവിലിയന്‍ എന്ന് പറഞ്ഞാല്‍ കേരളത്തിന്റെ, മലയാളത്തിന്റെ പവിലിയന്‍ എന്ന് വിശേഷിപ്പിച്ചാലും അധികമാവില്ല. വാരാന്ത്യങ്ങളില്‍ പുസ്തകം വാങ്ങാനും കാണാനുമായി ക്യൂനില്‍ക്കുന്ന പ്രവാസി മലയാളികള്‍ ഷാര്‍ജയിലെ പതിവ് കാഴ്ചയാണ്. മലയാളത്തില്‍ നിന്നെത്തിയ എഴുത്തുകാരെ കേള്‍ക്കാനും വന്‍ ജനാവലിയാണ് എത്താറുള്ളത്. കേരളത്തില്‍ ഒരിടത്തു പോലും ഇങ്ങനെയൊരു തിരക്കോ ജനപങ്കാളിത്തമോ പുസ്തകമേളയില്‍ കാണാന്‍ കഴിയില്ല എന്ന് ഓരോ വര്‍ഷവും ഇവിടെയെത്തുന്ന അതിഥികളായ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും എടുത്തുപറയാറുണ്ട്. പുസ്തകം വാങ്ങാനെത്തുന്ന പ്രവാസികളും അത് സമ്മതിക്കും. നാട്ടിലായിരിക്കുമ്പോള്‍ പുസ്തകശാലകളില്‍ പോകാത്തവര്‍ പോലും ഇവിടെ ഒറ്റക്കും കുടുംബവുമായി മേളയിലേക്ക് എത്തുന്നു. പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നു. പുസ്തകങ്ങള്‍ മാറോട് ചേര്‍ത്തുവെച്ച് കൊണ്ടുപോകുന്നു. ഇങ്ങനെ ഒരാവേശം എങ്ങനെ രൂപപ്പെട്ടുവെന്ന് ഓര്‍ത്ത് അവര്‍ പോലും അദ്ഭുതപ്പെടുന്നു.

ഗൃഹാതുരത്വത്തിന്റെ പതിവ് രചനാസങ്കേതങ്ങളില്‍നിന്ന് പ്രവാസി മലയാളിയുടെ എഴുത്തും വായനയും സര്‍ഗാത്മകമായി എത്രയോ ഉയരത്തിലേക്ക് മാറിയിരിക്കുന്നു എന്ന് ഷാര്‍ജ പുസ്തകോത്സവം ഏതാനും വര്‍ഷങ്ങളായി നമ്മോട് പറയുന്നുണ്ട്. കേരളത്തില്‍നിന്ന് മാറിനില്‍ക്കുമ്പോള്‍ മലയാള ഭാഷയോട് അവര്‍ എത്രമാത്രം പ്രിയം പ്രകടിപ്പിക്കുന്നു എന്നതിന്റെ കൂടി ദിശാസൂചികയായിരുന്നു പുസ്തകമേളയിലെ ഈ നിറസാന്നിധ്യം. നിരവധി പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഷാര്‍ജ പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശിപ്പിക്കപ്പെടുന്നത്. ഇവയിലെല്ലാം സജീവ സദസ്സായി എത്തുന്ന വലിയൊരു സംഘം മലയാളികളും മേളയുടെ സ്ഥിരം ഭാഗമാണ്. ഇത്തവണയും നൂറോളം പുസ്തകങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഏത് മേളയും വ്യാപാരത്തിന്റെ കൂടി കണക്കുകള്‍ പറയുന്നതാണ്. പക്ഷേ, അങ്ങനെയൊരു കണക്കുകൂട്ടല്‍ തുടക്കം മുതല്‍ ഷാര്‍ജയ്ക്ക് ഇല്ലായിരുന്നു എന്നിടത്താണ് ഷാര്‍ജ പുസ്തകമേളയുടെ വിജയം. എന്നാല്‍ ഒരിക്കല്‍ പോലും വില്‍പ്പനയുടെ കാര്യത്തില്‍ ഷാര്‍ജ പിന്നോക്കം പോകാറുമില്ല. ആ മേളയ്ക്ക് തിരശ്ശീല ഉയരുകയാണ്. ആരവം ഉയരുകയായി. ഇനി വായനാവസന്തത്തില്‍ അഭിരമിക്കാം.