അബുദാബി: കേരള സോഷ്യല്‍സെന്റര്‍ സംഘടിപ്പിച്ചുവരുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാംദിനമായ ബുധനാഴ്ച അല്‍ഐന്‍ മലയാളിസമാജം അവതരിപ്പിച്ച 'ദി ട്രയല്‍' സംവിധാനത്തിലെ മികവുകൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായി. 1925-ല്‍ പ്രസിദ്ധീകരിച്ച കാഫ്കയുടെ 'ദി ട്രയല്‍' എന്ന നോവലിന്റെ സ്വതന്ത്രനാടകാവിഷ്‌കാരമാണിത്.

രചനയും സംവിധാനവും നിര്‍വഹിച്ചത് സാജിദ് കൊടിഞ്ഞിയാണ്. വിലക്കുകളും അകാരണമായ വിചാരണയും നടക്കുന്ന പുതിയകാലത്തെയാണ് നാടകം തുറന്നുകാട്ടുന്നത്. മുഖ്യകഥാപാത്രമായ ബാങ്ക് ഉദ്യോഗസ്ഥന്‍ ജോസഫ് കെ. അകാരണമായി അറസ്റ്റുചെയ്യപ്പെടുന്നു. പലരോടും തന്നെ അറസ്റ്റുചെയ്യാനുള്ള കാരണം ചോദിച്ച അയാള്‍ക്ക് ആരില്‍നിന്നും മറുപടിലഭിച്ചില്ല. അറസ്റ്റിനുള്ള കാരണം കോടതിക്കുപോലും അറിയില്ല.
 
കോടതിയിലെ അയാളുടെ വിചാരണ വെറും അസംബന്ധവും പ്രഹസനവുമായി മാറുന്നു. ആരോപണങ്ങള്‍ വ്യക്തമാക്കാനോ പരിഹാരമുണ്ടാക്കാനോ ആരും ഒന്നും ചെയ്യുന്നില്ല. തനിക്കറിയാത്ത കുറ്റാരോപണത്തില്‍ നിരപരാധിത്വം സ്ഥാപിക്കാന്‍ അയാള്‍ പരക്കംപായുന്നതും ഒടുവില്‍ മരണം വരിക്കുന്നതും തന്മയത്തത്തോടെ അവതരിപ്പിക്കപ്പെട്ടു.

നാടകത്തിലെ പ്രധാനകഥാപാത്രമായ ജോസഫ് കെ.യ്ക്ക് ജീവന്‍ പകര്‍ന്നത് ഉല്ലാസ് തറയിലാണ്. ജയരാജാണ് കലാസംവിധാനം. ചമയം ക്‌ളന്റ് പവിത്രനും സംഗീതം ഷബ്‌നം ഷറീഫും. ശരീഫ് പുന്നയൂര്‍ക്കുളത്തിന്റേതാണ് വെളിച്ചവിതാനം. നാടകോത്സവത്തിന്റെ നാലാംദിനമായ വെള്ളി രാത്രി 8.30-ന് തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജയുടെ 'അരാജകവാദിയുടെ അപകടമരണം' അരങ്ങേറും.