അബുദാബി: ഭരത് മുരളി നാടകോത്സവത്തില്‍ നാലാം നാടകമായി ഷാര്‍ജ തിയേറ്റര്‍ ക്രിയേറ്റീവിന്റെ 'അരാജകവാദിയുടെ അപകടമരണം' അരങ്ങേറി. ഇറ്റാലിയന്‍ നാടകകൃത്തായിരുന്ന ഡാരിയോ ഫോ, ഒരു രാഷ്ട്രീയ അരാജകവാദി പോലീസ് കസ്റ്റഡിയില്‍ മരിച്ച യഥാര്‍ഥസംഭവത്തെ ആസ്​പദമാക്കി രചിച്ച നാടകമാണിത്. സ്വതന്ത്ര രംഗഭാഷ ഒരുക്കിയത് നാടകകൃത്തും സംവിധായകനുമായ ശ്രീജിത്ത് പൊയില്‍ക്കാവാണ്.

കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നിറഞ്ഞസദസ്സില്‍ അവതരിപ്പിച്ച നാടകത്തില്‍ ലളിതവും സുന്ദരവുമായ അവതരണ രീതിയായിരുന്നു അവലംബിച്ചത്. പ്രധാന വേദിയെ ഉപയോഗിക്കാതെ, താഴെ പ്രത്യേകം തയ്യാറാക്കിയ അരങ്ങിലാണ് നാടകാവതരണം നടന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് നാടകം ഒരുക്കിയിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് എന്നാണ് അരങ്ങിന് പേരിട്ടിരിക്കുന്നത്. ഇത് ഇന്ത്യന്‍ ജനാധിപത്യം ഒരു സര്‍ക്കസ് കൂടാരമാണെന്നാണ് വിവക്ഷിക്കുന്നത്. നിരപരാധികള്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ഫാസിസ്റ്റ് ഭരണവ്യവസ്ഥയെ ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ വിമര്‍ശിക്കുന്നു.

കിറുക്കനായി വേഷമിട്ട അഷ്‌റഫ് കിരാലൂര്‍ അടക്കമുള്ള അഭിനേതാക്കള്‍ മികച്ചപ്രകടനം കാഴ്ചവെച്ചു. നിസാര്‍ ഇബ്രാഹിമിന്റെയും ശശിധരന്‍ വെള്ളിക്കോത്തിന്റെയും രംഗസജ്ജീകരണവും വിജു ജോസഫിന്റെ സംഗീതവും മികച്ചുനിന്നു. ചമയം ക്ലിന്റ് പവിത്രനും വെളിച്ചവിതാനം ശ്രീജിത്ത് പൊയില്‍ക്കാവും നിര്‍വഹിച്ചു. നാടകോത്സവത്തിന്റെ അഞ്ചാംദിനമായ ഞായറാഴ്ച കനല്‍ ദുബായുടെ 'അഗ്നിയും വര്‍ഷവും' അരങ്ങേറും.