ഷാര്‍ജ: പതിനൊന്ന് ദിവസം, പന്ത്രണ്ട് ലക്ഷത്തിലേറെ സന്ദര്‍ശകര്‍, പതിമൂന്നര കോടിയിലേറെ ദിര്‍ഹത്തിന്റെ( 240 കോടി രൂപയോളം) പുസ്തക വില്പന- മുപ്പത്തിനാലാമത് ഷാര്‍ജ പുസ്തകോത്സവത്തിന് ശനിയാഴ്ച രാത്രി തിരശ്ശീല വീണപ്പോള്‍ ഔദ്യോഗികമായ കണക്കുകള്‍ ഇപ്രകാരമാണ്.

പതിനൊന്ന് നാള്‍ ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ പുസ്തകങ്ങളുടെ കടലായിരുന്നു. വിവിധ ഭാഷകളിലും വര്‍ണങ്ങളിലുമായി അവ നിറഞ്ഞുനിന്നു. അക്ഷരങ്ങളുടെയും അറിവിന്റെയും ആവേശക്കടല്‍ തീര്‍ത്താണ് മുപ്പത്തിനാലാമത് ഷാര്‍ജ പുസ്തകോത്സവത്തിന് തിരശ്ശീല വീണത്. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ കാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി നടത്തുന്ന പുസ്തകോത്സവം ഇത്തവണയും ജനപങ്കാളിത്തം കൊണ്ടും സാംസ്‌കാരിക പരിപാടികള്‍ കൊണ്ടും സമ്പന്നമായിരുന്നു.

ശനിയാഴ്ച വൈകിട്ട് പ്രത്യേക സമാപന ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും വന്‍ ജനാവലിയാണ് രാത്രി വരെ മേളക്ക് എത്തിയത്. അറബ് ഭാഷയിലെ ഏതാനും പ്രഭാഷണങ്ങളും സാഹിത്യസംവാദങ്ങളും കാരണം സ്വദേശികളും ധാരാളമായി എത്തി.

വ്യാഴാഴ്ച വരെ പത്ത് ലക്ഷത്തിലേറെ പേര്‍ പുസ്തകമേളയിലെത്തിയെന്നാണ് കണക്ക്. ശനിയാഴ്ച രാത്രി വരെയായി 12.27 ലക്ഷം പേര്‍ മേളയിലെത്തി. പതിമൂന്നര കോടി ദിര്‍ഹത്തിന്റ (ഏതാണ്ട് 240 കോടി രൂപ) പുസ്തക വില്പനയും നടന്നു എന്നാണ് ഔദ്യോഗിക കണക്ക്. അവസാന ദിവസം എല്ലാ പുസ്തകശാലകളിലും വലിയ തിരക്കാണനുഭവപ്പെട്ടത്.

നേരത്തെ വരുമെന്ന് ഉറപ്പിച്ചിരുന്ന നടന്‍ മോഹന്‍ലാലും കവി സച്ചിദാനന്ദനും എത്തിയില്ല എന്നതൊഴിച്ചാല്‍ മലയാളത്തില്‍ നിന്ന് നിരവധി സാഹിത്യകാരന്മാരും കലാകാരന്മാരും ഷാര്‍ജ മേളയെ ധന്യമാക്കി. എല്ലാവരെയും കാണാനും കേള്‍ക്കാനും മലയാളികള്‍ കൂട്ടത്തോടെ ഒഴുകിയെത്തി. ടി. പത്മനാഭന്‍, എന്‍.എസ്. മാധവന്‍, ടി.ഡി. രാമകൃഷ്ണന്‍, പി.കെ. പാറക്കടവ്, കെ.ആര്‍. ടോണി, മുരുകന്‍ കാട്ടാക്കട, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സുധാമൂര്‍ത്തി, നിതാ മെഹ്ത, സുബ്രതോ ബാക്ചി, റിജുത ദിവെകര്‍, സുഷ്മിത ബാക്ചി, ഗുരുചരണ്‍ ദാസ്, ഉമ്മി അബ്ദുള്ള, ഫൈസാ മൂസ്സ, ടി.എന്‍. മനോഹരന്‍, ദുര്‍ജൊയ് ദത്ത, ശ്രീജന്‍ പാല്‍, ഹാരി ഷെറിഡിന്‍, ഡോ.വി.പി. ഗംഗാധരന്‍, ഡോ.കെ. ചിത്രതാര, ഡോ.ഡി. ബാബുപോള്‍ എന്നിവരാണ് വിവിധ ദിവസങ്ങളിലായി പുസ്തകമേളയില്‍ സംബന്ധിച്ചത്.

പ്രശസ്ത തായമ്പക കലാകാരനായ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മക്കളോടൊപ്പം നടത്തിയ തായമ്പകയും വേറിട്ട അനുഭവമായി. തമിഴ് കവി വൈരമുത്തുവിനെ കാണാനും വാക്കുകള്‍ കേള്‍ക്കാനും വന്‍ ജനാവലിയെത്തി.
പുസ്തക പ്രകാശനത്തിന്റെ കാര്യത്തില്‍ മലയാളം തന്നെയായിരുന്നു മുന്നില്‍. എല്ലാ ദിവസവും പ്രകാശന ചടങ്ങുകളുണ്ടായി. എക്‌സ്‌പോ സെന്ററിലെ ഹാളുകള്‍ക്ക് പുറത്തും വേദി കിട്ടാത്തതിനാല്‍ പ്രദര്‍ശനങ്ങള്‍ നടന്നു. ഒട്ടേറെ പുസ്തകശാലകളിലായി പുസ്തകങ്ങള്‍ പുറത്തിറക്കി.

പ്രതിദിനം ഒരു ലക്ഷം പേരെങ്കിലും പുസ്തകമേളയിലെത്തി എന്നാണ് സംഘാടകരുടെ കണക്ക്. എന്നാല്‍ അവധിദിനങ്ങളില്‍ അത് ഇരട്ടിയോളവുമായി. അവധിദിനമായ വെള്ളിയാഴ്ചയും സമാപനദിവസമായ ശനിയാഴ്ചയും വലിയ തിരക്കാണനുഭവപ്പെട്ടത്.