അബുദാബി: 41- ാമത് ഐ.എസ്.സി.യു.എ.ഇ. ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി 25 മുതല്‍ നടക്കും.

ജൂനിയര്‍ വിഭാഗത്തിലും യു.എ.ഇ. എലൈറ്റ് വിഭാഗത്തിലുമാണ് മത്സരങ്ങള്‍. ജൂനിയര്‍ വിഭാഗത്തിന്റെ മത്സരങ്ങള്‍ ജനുവരി 25 മുതല്‍ ഫെബ്രുവരി മൂന്ന് വരെ നടക്കും. 19 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. യു.എ.ഇ. എലൈറ്റ് സീരീസ് മത്സരങ്ങള്‍ ഫെബ്രുവരി എട്ട് മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ്. ഫെബ്രുവരി രണ്ടാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

മൊത്തം 70,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് നല്‍കുന്നത്. ഇന്ത്യ, ഡെന്മാര്‍ക്ക്, ബഹ്‌റൈന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരും ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാവുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐ.എസ്.സി. ആക്ടിങ് പ്രസിഡഡ് ജയചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി എം.എ. സലാം, ഫ്രഡി ഫെര്‍ണാണ്ടസ്, വിനോദ് നമ്പ്യാര്‍, ജെയിംസ് സിറിയക് എന്നിവര്‍ പങ്കെടുത്തു.