ഷാര്‍ജ: പത്ത് ദിവസമായി ഷാര്‍ജയില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ചുകൊണ്ട് നടന്നുവന്ന 36 -ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ശനിയാഴ്ച എക്‌സ്‌പോ സെന്ററില്‍ സമാപിക്കും.

ഈ മാസം ഒന്നിന് ഷാര്‍ജ ഭരണാധികാരി 'അക്ഷരങ്ങളുടെ സുല്‍ത്താന്‍' ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്ത മേളയില്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. അവധി ദിവസമായ വെള്ളിയാഴ്ച നല്ലതിരക്കാണ് എല്ലായിടത്തും അനുഭവപ്പെട്ടത്. സമാപനദിവസമായ ശനിയാഴ്ചയും ഇതേതിരക്കുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

കഴിഞ്ഞവര്‍ഷം 23 ലക്ഷം സന്ദര്‍ശകരാണ് മേളയിലെത്തിയത്. ഈ മേള അതിനെ കവച്ചുവെക്കുമെന്നാണ് സൂചനകള്‍. ലോകത്തിലെ മൂന്നാം മേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിപേരാണ് ഷാര്‍ജയിലെത്തിയത്.

മേളയിലെ ജനപങ്കാളിത്തം എഴുത്തിനേയും വായനയേയും സ്‌നേഹിക്കുന്നവരുടെ ഒത്തുചേരല്‍ കൂടിയായിരുന്നു. 60 രാജ്യങ്ങളില്‍ നിന്നായി 1650 പ്രസാധകര്‍ 15 ലക്ഷം ശീര്‍ഷകങ്ങളോടുകൂടിയ പുസ്തകങ്ങള്‍ മേളയിലവതരിപ്പിച്ചു. ഇന്ത്യയില്‍ നിന്നുമാത്രം 130 പ്രസാധകരാണ് പങ്കെടുത്തത്. മലയാളത്തില്‍ നിന്ന് 'മാതൃഭൂമി' അടക്കം 35 പ്രസാധകര്‍ എത്തിയിരുന്നു. 75 ഓളം പുതിയ പുസ്തകങ്ങളും നവീന പതിപ്പുകളുമായി മേളയില്‍ പ്രകാശനം ചെയ്യപ്പെട്ടു.

ഇവയില്‍ ഭൂരിഭാഗവും പ്രവാസി മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളാണ് എന്നതാണ് പ്രത്യേകത. ഒരാളുടെതന്നെ ഒന്നില്‍ കൂടുതല്‍ പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യപ്പെട്ടതും മറ്റൊരു പ്രത്യേകതയാണ്. രാഷ്ട്രീയ നേതാക്കളായ പി.എസ്. ശ്രീധരന്‍ പിള്ള, സി.ദിവാകരന്‍ എംഎല്‍.എ, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ആര്‍.വി.ജി.മേനോന്‍ എന്നിവരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്തു.

മേളയുടെ ഉദ്ഘാടനദിവസം തന്നെ ഈ വര്‍ഷത്തെ മികച്ച ഇന്റര്‍ നാഷണല്‍ പബ്ലിഷര്‍ പുരസ്‌കാരം 'മാതൃഭൂമി' ക്ക് ലഭിച്ചത് മലയാളത്തിന് ലഭിച്ച അംഗീകാരമായി മാറി. ഇന്ത്യയില്‍നിന്ന് പ്രശസ്ത വ്യക്തികളാണ് ഷാര്‍ജ പുസ്തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയത്. മലയാളത്തില്‍ നിന്നുള്ള അതുല്യ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ സാന്നിധ്യമായിരുന്നു ശ്രദ്ധേയം. വികാസ് സ്വരൂപ്, രാജ്ദീപ് സര്‍ ദേശായി, സാഗരിക ഘോഷ് , എം.പി.മാരായ ജയറാം രമേഷ്, ഇന്നസെന്റ്, ഹേമമാലിനി, ഡെറിക് ഒബ്രയാന്‍, തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍, തമിഴ് നടന്‍ മാധവന്‍ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. മലയാളത്തില്‍നിന്ന് എഴുത്തുകാരായ സി. രാധാകൃഷ്ണന്‍, സാറാജോസഫ്, സി.വി. ബാലകൃഷ്ണന്‍, അനില്‍ പനച്ചൂരാന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, വി.ജെ. ജയിംസ്, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, മുന്‍ മന്ത്രിമാരായ എം.എ. ബേബി, ഡോ.എം.കെ. മുനീര്‍, സിനിമാ പ്രവര്‍ത്തകരായ കമല്‍, ഭാഗ്യലക്ഷ്മി, അനൂപ് മേനോന്‍, ആഷിഖ് അബു, റീമ കല്ലിങ്കല്‍ തുടങ്ങിയവരെല്ലാം വിവിധ സെഷനുകളില്‍ പങ്കെടുത്തു.