ഷാര്‍ജ: പാകിസ്താന്‍ ക്രിക്കറ്റ് താരം വസീം അക്രത്തിന് ഇപ്പോഴും ഇന്ത്യ ഒരു വികാരമാണ്. ഇന്ത്യയില്‍ കളിച്ച നല്ല നാളുകളെ ഓര്‍ത്ത്, അവിടത്തെ സൗഹൃദങ്ങളില്‍ ലയിച്ച് ഞാന്‍ സന്തോഷിക്കാറുണ്ട്- ഷാര്‍ജ പുസ്തകോത്സവത്തിലെ മുഖാമുഖം പരിപാടിയിലാണ് ഇന്ത്യയെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പാക് ക്രിക്കറ്റ് ഇതിഹാസം വെളിപ്പെടുത്തിയത്.

വ്യാഴാഴ്ച രാത്രി ക്രിക്കറ്റ് പ്രേമികളും ആരാധകരും തിങ്ങിനിറഞ്ഞ ചടങ്ങിലായിരുന്നു പാക് താരത്തിന്റെ സംസാരം. ''ഇന്ത്യ ഞാന്‍ ഇപ്പോഴും മിസ്സ് ചെയ്യുന്നു. രാഷ്ട്രീയത്തിന് അതിന്റേതായ സ്ഥാനവും വഴികളുമുണ്ട്. പക്ഷേ, ഇന്ത്യ എക്കാലത്തും പലവിധത്തില്‍ എന്റെ ഭാഗംതന്നെയാണ്. അവിടത്തെ സംസ്‌കാരവും രുചികളുമെല്ലാം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഒരുപാട് സുഹൃത്തുക്കള്‍ അവിടെയുണ്ട്. എത്രയോ ഇന്ത്യന്‍ ബൗളര്‍മാരെ ഞാന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. അവരുമായൊക്കെ ഇപ്പോഴും നല്ല സൗഹൃദം പങ്കുവെച്ചു''- കൈയടികള്‍ക്കിടയില്‍ അക്രം വിശദീകരിച്ചു. ഞാനൊരു കായികതാരമാണ്. ലോകത്തുള്ള ഏത് കളിക്കാരനും അങ്ങനെ തന്നെ. അവരില്‍ ആരെങ്കിലും ബൗളിങ് സംബന്ധിച്ച് എന്തെങ്കിലും ചോദിച്ചാല്‍ ഞാന്‍ അവരുടെ രാജ്യം ഏതെന്നോ പൗരത്വം എന്തെന്നോ ചോദിക്കാറില്ല. അത് എന്റെ ജോലിയല്ല. അവരെ പരിശീലിപ്പിക്കുകയാണ് എന്റെ ജോലി- അക്രം പറഞ്ഞു.

നേരത്തേ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ച് എഴുതിയ ആത്മകഥയ്ക്ക് പിന്നാലെ പുതിയൊരു പുസ്തകം എഴുതാനുള്ള കലശലായ ആഗ്രഹമുണ്ട് ഇപ്പോള്‍. ഭാര്യ ഷമീറയും അതിനായി നിര്‍ബന്ധിക്കുന്നുണ്ട്. 1998 ല്‍ ആയിരുന്നു ആത്മകഥ പ്രസിദ്ധീകരിച്ചത്. ഇനിയും ഡ്രസ്സിങ് റൂമിലെ ഗോസിപ്പുകളെക്കുറിച്ചൊന്നും എഴുതാന്‍ താത്പര്യമില്ല. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന എന്തെങ്കിലും എഴുതണമെന്നാണ് ഇപ്പോഴത്തെ മോഹം. എന്റെ ക്രിക്കറ്റും ജീവിതവും ആര്‍ക്കെങ്കിലും പ്രയോജനകരമാവുന്ന തരത്തിലുള്ളതായിരിക്കണം ആ പുസ്തകമെന്നും എനിക്ക് നിര്‍ബന്ധമുണ്ടെന്ന് അക്രം പറഞ്ഞു.