ഷാര്‍ജ: അന്ധരെ എഴുതാനും വായിക്കാനും പ്രേരിപ്പിക്കുന്ന മലയാളിയുടെ ഹ്രസ്വചിത്രം ഷാര്‍ജ പുസ്തകോത്സവത്തില്‍ ശ്രദ്ധേയമാവുന്നു. അന്ധര്‍ക്ക് എഴുതാനും വായിക്കാനും സഹായിക്കുന്ന ബ്രെയില്‍ ലിപിയുടെ പ്രചാരണവുമായാണ് തൃക്കരിപ്പൂര്‍ ഒളവറ സ്വദേശി അമീറലി രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം തയ്യാറാക്കിയത്.

പുസ്തകോത്സവം ആരംഭിക്കുന്നതിന് മുന്‍പ് ഷാര്‍ജ മജാസ് പാര്‍ക്കില്‍ ചിത്രീകരിച്ച 'ഇഖ്‌റ' എന്ന ചിത്രം അമീറലി പുസ്തകോത്സവത്തിന്റെ സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിഫലം ആഗ്രഹിക്കാതെയാണ് അന്ധര്‍ക്കുള്ള സമര്‍പ്പണമാണ് 'ഇഖ്‌റ' ഒരുക്കിയത്. പലര്‍ക്കും പരിചിതമല്ലാത്ത ബ്രെയില്‍ ലിപിയുടെ പ്രാധാന്യം അറിയിക്കാന്‍ കൂടിയാണ് അമീറലി ഈ ഹ്രസ്വചിത്രവുമായി മേളയെ സമീപിച്ചത്. ഷാര്‍ജ പുസ്തകോത്സവത്തിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത 'ഇഖ്‌റ' ഇതിനകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു.

കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരായ പ്രവാസി വിദ്യാര്‍ഥികളാണ് 'ഇഖ്‌റ'യില്‍ അഭിനയിച്ച കുട്ടികള്‍. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കാഴ്ചവൈകല്യമുള്ളയാളെ അവതരിപ്പിക്കുന്ന മുസ്തഫ ഹിലാല്‍ പാലക്കാട് സ്വദേശിയാണ്. ജീവിതത്തിലും അന്ധത ബാധിച്ച മുസ്തഫ ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു. അമീറലി തന്നെയാണ് എഡിറ്റിങ്ങും ക്യാമറയും നിര്‍വഹിച്ചിരിക്കുന്നത്. ഷാസില്‍, സാബിര്‍, ജൂഹെര്‍ എന്നിവരും അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ സ്‌കൂളുകളിലും മറ്റും 'ഇഖ്‌റ' സൗജന്യമായി പ്രദര്‍ശിപ്പിക്കണം എന്നാണു അമീറലിയുടെ ആഗ്രഹം. ഷാര്‍ജയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയാണ് അമീറലി ഒളവറ