അബുദാബി: യു.എ.ഇ.യിലെ ആദ്യ ലിവ ഈന്തപ്പഴ ലേലം വ്യാഴാഴ്ച ആരംഭിക്കും. ഒക്ടോബര്‍ 14 വരെ നടക്കുന്ന ലേലം ലിവ ഡൗണ്‍ ടൗണില്‍ വൈകീട്ട് നാല് മണി മുതല്‍ ഒന്‍പത് മണി വരെയാണ്. ജൈവ കൃഷിരീതിയവലംബിച്ചുണ്ടാക്കിയ ഈന്തപ്പഴങ്ങളുടെ പ്രചാരം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. ലിവ ഈന്തപ്പഴ മഹോത്സവത്തിന്റെ സംഘാടകരായ യു.എ.ഇ. പൈതൃകാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലേലം.

ഈന്തപ്പഴ ലേലം നടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ആവശ്യക്കാര്‍ സമീപിച്ചിരുന്നതായി സംഘാടക സമിതി തലവന്‍ ഒബൈദ് അല്‍ മസ്‌റോയി പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി ഈന്തപ്പഴ മഹോത്സവം സംഘടിപ്പിക്കുന്നുണ്ട്. അപ്പോഴെല്ലാം ആവശ്യക്കാര്‍ ഇത്തരമൊരാശയം നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴാണ് അതിന് സമയമായതെന്നും മസ്‌റോയി പറഞ്ഞു. മൂന്ന് കിലോഗ്രാമിന് മുകളിലോട്ടാണ് ഈന്തപ്പഴങ്ങള്‍ വില്‍ക്കുക. ചിലയിനങ്ങള്‍ കുറഞ്ഞത് പത്ത് കിലോ മുതലാണ് ലേലം നടക്കുക. ഖുനൈസി, ദബ്ബാസ് തുടങ്ങിയ മുന്തിയ ഇനം ഈന്തപ്പഴങ്ങള്‍ ലഭ്യമാണ്. മൊത്തവ്യാപാരികള്‍, ഹോട്ടലുകള്‍, ഫുഡ് കമ്പനികള്‍ എന്നിവരെയാണ് സംഘാടകര്‍ കൂടുതലും ലക്ഷ്യമിടുന്നത്.