മതിലകം: ഇന്ത്യയിലെ ഏറ്റവും വലിയ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫാ പാലിയേറ്റീവ് കെയറിന്റെ യുഎഇയിലുള്ള സുഹൃദ്‌സംഘം അയച്ച 180 ഓക്സിജന്‍ സിലിണ്ടറുകളും മൂന്ന് വെന്റിലേറ്ററുകളും കൊടുങ്ങല്ലൂരിനു സമീപമുള്ള മതിലകത്തെ കമ്യൂണിറ്റി ഹോസ്പിറ്റലില്‍ (എന്‍എസിഎച്ച്) എത്തി. ആവശ്യമനുസരിച്ച് ഇവയുടെ സേവനം ആല്‍ഫയുടെ പാലിയേറ്റീവ് കെയറിലുള്ള രോഗികള്‍ക്ക് സൗജന്യമായി നല്‍കും. നിലവില്‍ 8445 രോഗികള്‍ക്കാണ് ആല്‍ഫാ പാലിയേറ്റീവ് സൗജന്യമായി സേവനം നല്‍കിവരുന്നത്.

180 ഓക്‌സിജിന്‍ സിലിണ്ടറുകളില്‍ നൂറെണ്ണം 9.1 ലിറ്റര്‍ ശേഷി വീതമുള്ളവയാണ്. ബാക്കിയുള്ള 80 എണ്ണം 40-50 ലിറ്റര്‍ വീതം സംഭരണശേഷിയുള്ള ജംബോ സിലിണ്ടറുകളാണ്. ഇതോടെ ആശുപത്രിയുടെ ഓക്സിജന്‍ സംഭരണശേഷി 4000 ലിറ്ററായി. പൊതുജനങ്ങള്‍ക്ക് ആശുപത്രി ഈടാക്കുന്ന സര്‍ക്കാര്‍ അംഗീകൃത നിരക്കിലും ഇവയുടെ സേവനം ലഭ്യമാക്കും. ആല്‍ഫാ രോഗികള്‍ക്കുള്ള സേവനം സൗജന്യമായിരിക്കും.

Alpha

കോവിഡ്ബാധ വര്‍ധിക്കുന്നതു മൂലം ആശുപത്രി കിടക്കകള്‍ക്കും വെന്റിലേറ്റുകള്‍ക്കുമുള്ള ആവശ്യം വര്‍ധിച്ച സാഹചര്യത്തില്‍ എന്‍എസിഎച്ച് ആശുപത്രി കോവിഡ് ചികിത്സയ്ക്ക് മാത്രമായി മാറ്റിവെയ്ക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. യുഎഇയിലുള്ള ഏതാനും വിദേശ മലയാളികളുടെ കീഴിലുള്ള നമ്മുടെ ആരോഗ്യം ചാരിറ്റബിള്‍ ട്ര്സറ്റാണ് (എന്‍എസിടി) ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍എസിഎച്ച് ആശുപത്രിയുെട ഉടമകള്‍. ഇവിടെ നിലവില്‍ 18 ഐസിയു ബെഡ്ഡുകളും 20 ഹൈ-ഡിപ്പെന്‍ഡസി മുറികളും 52 വാര്‍ഡ് ബെഡുകളുമുണ്ട്. വാര്‍ഡ് ബെഡ്ഡുകളില്‍ 12 എണ്ണം ഒരാഴ്ചയ്ക്കുള്ളില്‍ ഐസിയു ബെഡ്ഡുകളാക്കും. ഇവയില്‍ 12 എണ്ണത്തില്‍ കേന്ദ്രീകൃത ഓക്സിജനും ലഭ്യമാക്കിക്കഴിഞ്ഞു. ഇവയ്ക്കു പുറമെ ഹോസ്പിറ്റലിന് രണ്ട് വെന്റിലേറ്ററും രണ്ട് പോര്‍ട്ടബിള്‍ വെന്റിലേറ്ററുമുണ്ട്. അടുത്ത ആഴ്ചയ്ക്കുള്ളില്‍ 10 വെന്റിലേറ്റര്‍ കൂടി കൂട്ടിച്ചേര്‍ക്കും. താഴ്ന്ന നിരക്കിലും സബ്സിഡികളുടെ സഹായത്തോടെയുമാണ് സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്ക് കേരള സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയുടെ കീഴിലുള്‍പ്പെടെ ഇവിടെ ചികിത്സ നല്‍കിവരുന്നത്.

ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ഇതുവരെ മൊത്തം 35,548 പേര്‍ക്ക് സേവനം നല്‍കിയിട്ടുണ്ട്. നിലവില്‍ 8445 പേര്‍ക്കാണ് സേവനം നല്‍കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 17 ലിങ്ക് സെന്ററുകള്‍ക്കു കീഴില്‍ 32 വാഹനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഗൃഹകേന്ദ്രീകൃത പരിചരണം ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും സൗജന്യമാണ്. വിവരങ്ങള്‍ക്ക് www.alphapalliativecare.org. ആല്‍ഫയുടെ ആസ്ഥാനമായ എടമുട്ടത്തെ കേന്ദ്രത്തില്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.