റാസല്‍ഖൈമ: കടലില്‍ തിമിംഗലം ചത്തുകിടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് റാസല്‍ഖൈമയില്‍ മീന്‍പിടിത്തക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം. റാക് ഫിഷര്‍മെന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ എമിറേറ്റിലെ മുന്നൂറോളം മത്സ്യത്തൊഴിലാളികള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
 
കൂറ്റന്‍ തിമിംഗലത്തിന്റെ അവശിഷ്ടം കടലില്‍ മീന്‍പിടിത്ത ബോട്ടുകള്‍ക്ക് സുരക്ഷാഭീഷണിയുയര്‍ത്തും എന്നതിനാലാണിത്. ശനിയാഴ്ച രാവിലെയും വൈകിട്ടുമായി രണ്ട് മത്സ്യത്തൊഴിലാളികളാണ് തിമിംഗലം ചത്തുകിടക്കുന്നതായി കണ്ടത്. റാസല്‍ഖൈമയുടെ കിഴക്കന്‍ പ്രദേശമായ അല്‍ മുഐറിദ് തീരത്ത് നിന്ന് 27 കിലോമീറ്റര്‍ മാറി മൃതദേഹം കണ്ടതായാണ് ഇവര്‍ അവകാശപ്പെടുന്നത്.
 
ഫിഷര്‍മെന്‍ സൊസൈറ്റിയില്‍ അംഗങ്ങളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം അംഗത്വമില്ലാത്തവര്‍ക്കും വിവരം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ ഖലീഫ സെയ്ഫ് അല്‍ മുഹൈരി വ്യക്തമാക്കി.