അബുദാബി: കോവിഡ് കാലത്ത് റദ്ദാക്കിയ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് പകരം നല്‍കിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31-ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം യാത്രക്കാര്‍ അടക്കേണ്ടതായി വരും.

കാലാവധി കഴിഞ്ഞാല്‍ ഈ ടിക്കറ്റുകളുപയോഗിച്ച് പിന്നീട് യാത്ര ചെയ്യാനാവില്ല. ട്രാവല്‍ വൗച്ചര്‍ ലഭിച്ചവര്‍ക്ക് അവരാവശ്യപ്പെടുന്നപക്ഷം എയര്‍ലൈനുകളെ സമീപിച്ചാല്‍ കാലാവധി നീട്ടി നല്‍കിയേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സമയപരിധിക്കിടെ യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ കസ്റ്റമര്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെടുകയാണെങ്കില്‍ കാലാവധി നീട്ടി നല്‍കുന്നുണ്ടെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് റദ്ദാക്കുകയാണെങ്കില്‍ കാന്‍സലേഷന്‍ നിരക്ക് ഈടാക്കി ബാക്കി തുക തിരിച്ചു നല്‍കും.