വരദായിനിയാണ് വേദമാതാവ്. അറിവിന്റെ ആദ്യക്ഷരത്തിന്റെ ഖനി. ബുദ്ധിയും ഓര്‍മശക്തിയും ഗൃഹസ്ഥ ജീവിതവിജയത്തിന്റെ താക്കോലാണ്. അതാകട്ടെ, പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് അറിവിന്റെ അക്ഷയഖനിയായ യജ്ഞത്തിലാണ്. വേദ സരസ്വതീയജ്ഞം ദേവതയുടെ ഇരിപ്പിടമാണ്. അവിടെ ദേവതയെ സാക്ഷാത്കരിച്ച വേദമൂര്‍ത്തിയായ ഗുരുവിന്റെ കൈയില്‍നിന്ന് സ്വര്‍ണനാരായംകൊണ്ട് നാവില്‍ ആദ്യക്ഷരം കുറിക്കുന്ന പരമ്പരാഗതവും സാമ്പ്രദായികവും ഭക്തിസാന്ദ്രവുമായ ചടങ്ങാണ് അജ്മാന്‍ ജര്‍ഫിലെ ഈസ്റ്റ് പോയന്റ് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളങ്കണത്തില്‍ നടത്തുന്നത്.
 
ആചാര്യ രാജേഷ് നേതൃത്വം നല്‍കുന്ന കാശ്യപാശ്രമത്തിന്റെ ദുബായ്, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളിലെ കുടുംബ കൂട്ടായ്മയാണ് സരസ്വതീയജ്ഞത്തോടുകൂടിയ വിദ്യാരംഭം സംഘടിപ്പിക്കുന്നത്. പ്രവാസികളായ നാല്‍പ്പതോളം കലാകാരന്മാര്‍ ഒരുക്കുന്ന ചിത്രപ്രദര്‍ശനവും ഈ പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്.

ഇള, സരസ്വതി, ഭാരതി എന്നീ മൂന്ന് തലങ്ങളിലാണ് അറിവിന്റെ ദിവ്യശക്തികള്‍ വിളങ്ങുന്നതെന്ന് വേദം പറയുന്നു. അതില്‍ കലയുടെയും നാദത്തിന്റെയും ജ്ഞാനപ്രവാഹം കേളീരവം മുഴങ്ങുന്ന നവരാത്രികളില്‍ ദിവ്യജ്ഞാനത്തിന്റെ ശക്തിസ്രോതസ്സായ സാരസ്വതംതന്നെ.

വാക്കിന്റെയും ശബ്ദത്തിന്റെയും വര്‍ണങ്ങളുടെയും വരയുടെയും പ്രപഞ്ചമാണ് അത്. അറിവിന്റെ അക്ഷയപ്രവാഹമായ സരസ്വതിയുടെ അനുഗ്രഹം എങ്ങനെയാണ് നേടേണ്ടത്. ഏകാഗ്രമായ മനസ്സും ജീവത്തായ ബുദ്ധിയും കൈവരിക്കാന്‍ പ്രായോഗികമായി എന്ത് ചെയ്യണം എന്നതിന് പൂര്‍വികര്‍ ധാരാളം ആചരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാധാരം വേദങ്ങളാണ്. കുടുംബമായി ജീവിക്കുന്നവര്‍ക്ക് ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളെയും വ്യവസ്ഥാപൂര്‍ണതയോടെ വിജയിപ്പിച്ചെടുക്കാനുള്ള പദ്ധതിയാണ് യഥാര്‍ഥത്തില്‍ വിജയദശമി.
 
ഗുരുവും ഗണപതിയും സരസ്വതിയും ഒരുപോലെ മേളിക്കുന്ന ഒന്‍പത് രാവുകള്‍. കലയും സംഗീതവും ജ്ഞാനമായി വരുന്ന ഭാരതീയ ശാസ്ത്രദര്‍ശനങ്ങളെല്ലാം അധ്യാത്മികതയില്‍ അധിഷ്ഠിതമാണ്. സാര്‍വലൗകികവും സാര്‍വദേശീയവും വിവേചനരഹിതവും സര്‍വോപരി സ്‌നേഹത്തിന്റെ സുവര്‍ണ ശോഭയുള്ളതുമായ അധ്യാത്മികതയെ താന്താങ്ങളുടെ കുടുംബജീവിതത്തില്‍ ആചരിക്കുന്നതാണ് ഗുരുപൂര്‍ണിമയില്‍ ആരംഭിച്ച് വിജയദശമിയില്‍ പരിപക്വമാകുന്ന ചാതുര്‍മാസ്യവ്രതം.
 
അതില്‍ ലോകത്തില്‍ ഇന്നുവരെ കാണപ്പെടുന്ന എല്ലാ മതങ്ങളും അധ്യാത്മിക ആശയക്കാരും അതിനെ ചൂഴ്ന്നുനില്‍ക്കുന്ന ആചരണങ്ങളും പെടും. അങ്ങിനെയാണ് ഈദ് നിലാവില്‍ പൊന്നോണം എന്ന ആശയം സാര്‍വലൗകികമായി പ്രവാസികള്‍ക്ക് നടപ്പാക്കാന്‍ കഴിഞ്ഞത്.

വിശേഷമായ ഒരു താളബോധത്തെ കുടുംബജീവിതത്തിലേക്ക് കൊണ്ടുവരികയാണല്ലോ വ്രതംകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിന്റെ എല്ലാ കോണുകളിലും മനുഷ്യകത്തെ നവീകരിക്കുന്ന ഇത്തരത്തിലുള്ള പദ്ധതികള്‍ നടക്കുന്നുണ്ട്. തന്റെയുള്ളിലെ ആ താളബോധത്തെ ശരിയാം വിധം കണ്ടെത്തുന്നതിനുള്ള ആചരണങ്ങളാണ് നവരാത്രികള്‍.
 
അതിന്റെ പൂര്‍ത്തീകരണമാണ് വിജയദശമി. വേദങ്ങളിലെ സവിശേഷമായ സാരസ്വതമന്ത്രങ്ങള്‍ വിനിയോഗിച്ചാണ് സരസ്വതീയജ്ഞം നടക്കുക. ആ യജ്ഞാഗ്നിയെ സാക്ഷിയാക്കിക്കൊണ്ടാണ് പൂര്‍വികര്‍ ആദ്യക്ഷരത്തിന്റെ അമൃതം നുകര്‍ന്നത്. പകര്‍ന്നു നല്‍കിയതാകട്ടെ, അറിവിനെ യഥാതഥമായി സാക്ഷാത്കരിച്ചവരും. ഒരു കുഞ്ഞിന്റെ ജീവിതത്തിലെ പരമ പ്രധാനമായ മുഹൂര്‍ത്തമാണത്.
 
അതിന് പ്രാചീനമായ ഒരു ക്രമം ഉണ്ട്. ആ ക്രമത്തില്‍ ആദ്യം കടന്നുവരുന്നത് ഗുരുത്വമാണ്. സവിശേഷമായ ജ്ഞാനത്തെ ഉണര്‍ത്തിയെടുക്കുന്ന ഗാണപത്യശക്തിയാണ് അത്. ഗുരുവിന്റെ മഹത്ത്വം അറിയാതെ ശരിയായ ജ്ഞാനത്തെ സ്വീകരിക്കാന്‍ കഴിയില്ലെന്നതാണ് അനുഭവം. ഉപാസനയുടെ നവരാത്രികളില്‍ ഉണര്‍ത്തിയെടുക്കേണ്ടുന്ന ഈശ്വരീയതയെയാണ് ഗുരുത്വംകൊണ്ട് സാധിക്കുന്നത്. ഈശ്വരനില്‍നിന്ന് ആരംഭിക്കുന്ന മഹത്തായ ജ്ഞാനത്തിന്റെ ആദിസ്രോതസ്സായാണ് ഗുരുവിനെക്കുറിച്ച് ദര്‍ശനങ്ങള്‍ പറഞ്ഞുതരുന്നത്.

ആ ഗുരുത്വബോധത്തിലൂടെയാണ് ബൃഹത്തായ ഈശ്വരീയജ്ഞാനത്തിലേക്ക് ഒരു സാധകന്‍ എത്തിച്ചേരുന്നത്. ഗൃഹസ്ഥജീവിതത്തിന്റെ വിമലവും വിശാലവുമായ ധാര്‍മികതയിലേക്ക് ഗണപതി നമ്മെ എത്തിക്കുന്നു. അവനവന്റെ ഉള്ളില്‍ തണുത്തുറഞ്ഞിരിക്കുന്ന ഗാണപത്യശക്തിയെ മന്ത്രവിനിയോഗത്തിലൂടെ ഉണര്‍ത്തുക. ഗണപതിഹവനത്തില്‍ പങ്കെടുക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്. തന്റെ ചുറ്റും അകത്തും ഈശ്വരന്റെ അനന്തമായ ശക്തിയെ ആവാഹിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഗണപതിഹവനം നടക്കുന്നത്.

സ്വന്തം ശരീരത്തിലും ബാഹ്യപ്രപഞ്ചത്തിലും സൂക്ഷ്മതലത്തിലും സ്ഥൂലത്തിലും നിറഞ്ഞിരിക്കുന്ന ബൃഹസ്​പതിയെ, ഈശ്വരീയ ഗുണത്തെ സാക്ഷാത്കരിക്കുകയാണ് ഇവിടെ നടക്കുന്നത്. ഗണപതിഹവനത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും വന്നുചേരുന്ന ഈശ്വരീയ ഗുണത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചത്.

ഋഗ്വേദത്തിലെ വേദ സരസ്വതീ മന്ത്രങ്ങള്‍ ഉരുക്കഴിച്ചാണ് സരസ്വതീയജ്ഞം നടക്കുക. ബുദ്ധിയും ഓര്‍മശക്തിയും കൈവരിക്കാന്‍ പ്രാപ്തമായ സാരസ്വതഘൃതം അഗ്നിയില്‍ ആഹുതി ചെയ്യുന്ന സവിശേഷമുഹൂര്‍ത്തങ്ങള്‍ സരസ്വതി യജ്ഞത്തില്‍ നടക്കും.

അതോടൊപ്പം മേധാശക്തിക്കായുള്ള മേധാസൂക്തം, ആയുര്‍ ദൈര്‍ഘ്യത്തിനായുള്ള മൃത്യുഞ്ജയം, അകത്തും പുറത്തും ഒരുപോലെ പവിത്രീകരിക്കുന്ന മന്ത്രങ്ങളും സരസ്വതീ യജ്ഞത്തില്‍ വിനിയോഗിക്കും. വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കും അവരുടെ സര്‍ഗശേഷിയെ പതിന്മടങ്ങായി വര്‍ധിപ്പിക്കുന്ന സാരസ്വത മന്ത്രങ്ങള്‍ ജീവിതവിജയത്തിന്റെ താക്കോലാണ്. ഗുരു, ഗണപതി, സരസ്വതി എന്നീ ശക്തികളിലൂടെ കടന്ന് പ്രതിഭയുടെ ഗംഗാപ്രവാഹത്തിലേക്ക് ഓരോരുത്തരെയും എത്തിക്കാന്‍ കഴിയുന്ന വിജയപദ്ധതിയാണ് വിജയദശമി . ഗൃഹസ്ഥധര്‍മത്തില്‍ അനുഷ്ഠിക്കേണ്ട ധാര്‍മികതയെയാണ് നവരാത്രിയും വിജയദശമിയും നമ്മെ ഓര്‍മപ്പെടുത്തുന്നത്.

ഒരു കുഞ്ഞിന്റെ നാവില്‍ ആദ്യക്ഷരം കുറിക്കുന്ന മഹത്തായ ചടങ്ങാണ് വിദ്യാരംഭം. അഗ്നിസാക്ഷിയായി വിദ്യാരംഭം എന്ന പ്രാചീനമായ സമ്പ്രദായത്തെയാണ് കാശ്യപാശ്രമം പിന്‍തുടരുന്നത്. ഗുരുവും ഗണപതിയും ജ്ഞാനത്തിന്റെ അധിദേവതയും മേളിക്കുന്ന സരസ്വതീയജ്ഞത്തില്‍ വരകളുടെയും വര്‍ണത്തിന്റെയും ഒളിവിതറുന്ന ചിത്രപ്രദര്‍ശനവും ഇതോടൊപ്പം നടക്കുന്നു.