സിനിമയിലും സീരിയലിലും മാത്രമല്ല കൃഷിയിലും കഴിവ് തെളിയിച്ചിട്ടുണ്ട് നടന്‍ നിരണത്ത് മകയിരം കൃഷ്ണപ്രസാദ്. ഇപ്പോള്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗമായ അദ്ദേഹം 150-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. മുമ്പ് ചലച്ചിത്ര, ലളിതകലാ അക്കാദമികളില്‍ അംഗമായിരുന്നിട്ടുണ്ട്.
 
ചങ്ങനാശ്ശേരി കോളേജ് അലംനിയുടെ ആഘോഷത്തില്‍ പങ്കെടുക്കാനാണ് കൃഷ്ണപ്രസാദ് യു.എ.ഇ.യില്‍ എത്തിയത്. അഭിനയത്തില്‍ മാത്രമല്ല ജീവിതത്തിലും കൃഷ്ണപ്രസാദിന് കൃത്യമായ നിലപാടുകളുണ്ട്. അതേതെങ്കിലും പക്ഷമാണെന്ന് വാദിക്കുന്നവരോട് അദ്ദേഹത്തിന് പക്ഷപാതിത്വമില്ല.

പദ്മരാജന്റെ 'മൂന്നാംപക്ക'ത്തിലായിരുന്നു കൃഷ്ണപ്രസാദിന്റെ തുടക്കം. പിന്നീട് എം.ടി.- സേതുമാധവന്‍ കൂട്ടുകെട്ടിലുണ്ടായ വേനല്‍ക്കിനാവുകളിലും നല്ല വേഷംകിട്ടി. ശിവാജി ഗണേശന്റെ കൂടെ അഭിനയിക്കാനും മലയാളത്തില്‍ അവസരം ലഭിച്ച അപൂര്‍വം ഒരാളാണ് കൃഷ്ണപ്രസാദ്. നെല്‍ക്കൃഷിയില്‍നിന്ന് പാരമ്പര്യക്കൃഷിക്കാര്‍ പിന്‍വലിയുമ്പോള്‍ 2007-ലാണ് കൃഷ്ണപ്രസാദ് എന്ന നടന്‍ കൃഷിയിലേക്ക് ഇറങ്ങിയത്. പിന്നീട് മികച്ച കൃഷിക്കാരനുള്ള സംസ്ഥാനഅവാര്‍ഡും അദ്ദേഹം നേടി.

കേന്ദ്ര സെന്‍സര്‍ബോര്‍ഡ് ചില ചിത്രങ്ങള്‍ക്ക് 'കത്തിവെക്കുമ്പോള്‍' അതിനു തക്കതായ കാരണങ്ങളും ഉണ്ടാവുമെന്നാണ് അംഗമായ കൃഷ്ണ പ്രസാദിന് പറയാനുള്ളത്. ആരുടേയും ആവിഷ്‌കാര സ്വാതന്ത്ര്യം ചോദ്യംചെയ്യരുത്. എങ്കിലും ഒരു ചിത്രമെടുക്കുമ്പോള്‍ മറ്റുള്ളവരെ വേദനിപ്പിക്കുകയോ അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യരുത്.
 
അവനവനുള്ള ആവിഷ്‌കാരസ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കുമുണ്ടെന്ന് ബോധ്യപ്പെടണം. സിനിമയെപ്പോലെതന്നെ ചില ടെലിവിഷന്‍ പരിപാടികളും സെന്‍സര്‍ ചെയ്യേണ്ടിയിരിക്കുന്നു. സെന്‍സര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത വര്‍ധിക്കുകയാണെന്ന ബോധ്യവും ബോര്‍ഡില്‍ അംഗത്വം ഏറ്റെടുത്തതിനുശേഷം തോന്നിയിട്ടുണ്ട്.

സിനിമകളില്‍ പറയുന്നപോലെ താരാധിപത്യമൊന്നുമില്ല, ഒരു കല എന്നനിലയില്‍ സിനിമ ജനങ്ങളുമായി കൂടുതല്‍ അടുത്തിട്ടുണ്ട്. പണ്ട് സിനിമാതാരങ്ങളെ പ്രേക്ഷകര്‍ക്ക് സ്‌ക്രീനില്‍ മാത്രമായിരുന്നു കാണാന്‍ സാധിച്ചത്. എന്നാല്‍ പുതിയകാലത്ത് താരങ്ങള്‍ ജനങ്ങളുമായി വളരെ അടുപ്പം സൂക്ഷിക്കുന്നു.

സിനിമയെടുത്ത് ജീവിതം തുലഞ്ഞവരുടെ കഥയേറെയുണ്ട്, എന്നാല്‍ പുതിയകാലത്ത് അങ്ങനെ അറിഞ്ഞുകൊണ്ട് കൈപൊള്ളാനും നിര്‍മാതാക്കള്‍ ഒരുക്കമല്ല. 15 ദിവസംകൊണ്ട് മലയാളത്തിലെ ഏറ്റവുംമികച്ച സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അങ്ങിനെയല്ല, മാസങ്ങളെടുത്താണ് ഒരു ചിത്രം ഷൂട്ട് ചെയ്യുന്നതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.
 
ആ ചിത്രംവഴി നിര്‍മാതാവിന് ഗുണം കിട്ടണമെന്നുമില്ല. നല്ലസീരിയലുകള്‍ മാത്രമാണ് കൃഷ്ണപ്രസാദ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. അതുകാരണം സാമ്പത്തിക നഷ്ടമുണ്ടെങ്കിലും അത് കാര്യമാക്കാറില്ല. ചങ്ങനാശ്ശേരി അഞ്ചുവിളക്കില്‍ താമസിക്കുന്ന കൃഷ്ണപ്രസാദിന്റെ ഭാര്യ രശ്മിയാണ്. മക്കള്‍ പ്രാര്‍ഥന കൃഷ്ണ, പ്രപഞ്ച കൃഷ്ണ.