അബുദാബി: കഴിഞ്ഞവര്‍ഷം ഗതാഗതക്കുരുക്ക് ഏറ്റവും കുറവുള്ള നഗരങ്ങളിലൊന്ന് അബുദാബിയാണെന്ന് അന്താരാഷ്ട്ര ട്രാഫിക് ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട്. 1.7 ദശലക്ഷമാണ് അബുദാബിയിലെ ജനസംഖ്യ. തിരക്കുള്ള സമയം അബുദാബി റോഡിലൂടെ സഞ്ചരിക്കാന്‍ തിരക്കില്ലാത്ത സമയത്തേക്കാള്‍ 14 മിനിറ്റ് മാത്രമാണ് കൂടുതലെന്ന് അന്താരാഷ്ട്ര ട്രാഫിക് വിദഗ്ധര്‍ ടോം ടോം അവാര്‍ഡിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
 
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആറ് ശതമാനം വര്‍ധനയാണ് തിരക്കുള്ള സമയം അബുദാബി റോഡിലൂടെ യാത്രചെയ്യാന്‍ ഉണ്ടായത്. ജനസംഖ്യാ വളര്‍ച്ചയുടെ സ്വാഭാവിക ഫലമാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു. 2016-ലെ ട്രാഫിക് തിരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ 390 നഗരങ്ങളില്‍നിന്ന് ഏറ്റവും മികച്ച നഗരമായി അബുദാബി കണക്കാക്കപ്പെടുന്നു എന്ന് വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

ചരക്കുകള്‍ കൊണ്ടുപോകാനും ആളുകളുടെ യാത്രയ്ക്കും ഉതകുന്ന വിധത്തില്‍ വളരെ ആസൂത്രിതമായ റോഡ് സമ്പ്രദായമാണ് അബുദാബിയിലേതെന്ന് തെളിയിച്ചതാണെന്നും അതുവഴി കാര്യക്ഷമത കൊണ്ടുവരാനും തിരക്ക് കുറയ്ക്കാനും കഴിയുമെന്നും ട്രാഫിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഒരു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരത്തിലെ ഏറ്റവും മികച്ച ടോംടോം ട്രാഫിക് ഇന്‍ഡെക്‌സ് ആണ് അബുദാബി എന്ന് വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

തിരക്ക്, സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകളില്‍നിന്ന് ശേഖരിച്ച ഡാറ്റ, ജി.പി.എസ്. ആപ്ലിക്കേഷനുകള്‍ വഴി ലഭിച്ച വിവരങ്ങള്‍, ടാക്‌സി, ബസ് നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയിലൂടെയാണ് ടോം ടോം ട്രാഫിക് സൂചിക വഴി 390 നഗരങ്ങളെ തരം തിരിച്ചിരിക്കുന്നത്.
 


റിപ്പോര്‍ട്ട് പ്രകാരം അബുദാബിയിലെ പ്രത്യേകതകള്‍:


*1.8 ദശലക്ഷം ജനങ്ങള്‍ ഉണ്ടായിട്ടും അബുദാബിയില്‍ ട്രാഫിക്ക് തിരക്കുകള്‍ കുറവാണ് .

* ട്രാഫിക്ക് നിയന്ത്രിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ മികച്ച നഗരമാണ് അബുദാബി.

*സെയ്ദ് ദി ഫസ്റ്റ് സ്ട്രീറ്റ് (ഇലക്ട്ര സ്ട്രീറ്റ്), സുല്‍ത്താന്‍ ബിന്‍ സായിദ്, ഫസ്റ്റ് സ്ട്രീറ്റ് (മുറോമര്‍ റോഡ്), മുസഫയുടെ അടുത്തുള്ള റോഡുകള്‍ തുടങ്ങിയവയാണ് അബുദാബിയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങള്‍.

*9,285 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന റോഡ് ശൃംഖലയാണ് അബുദാബിയില്‍.

തിരക്കുള്ള സമയം അബുദാബി റോഡിലൂടെ സഞ്ചരിക്കാന്‍ തിരക്കില്ലാത്ത സമയത്തേക്കാള്‍ 14 മിനിറ്റ് മാത്രമാണ് കൂടുതല്‍.

*കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ട്രാഫിക് തിരക്കുണ്ടായത് 2016 നവംബര്‍ 30 നാണ്.