അബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ ഒമാനില്‍ നിന്നുള്ള കുടുംബത്തിലെ നാലുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. വാഹനം വെട്ടിക്കാന്‍ ശ്രമിച്ചതാണ് വലിയ അപകടത്തില്‍ കലാശിച്ചതെന്ന് അബുദാബി പോലീസ് അറിയിച്ചു.
 
അബുദാബിയിലേക്ക് വരുമ്പോള്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ അല്‍ മര്‍ഫ പാലത്തിന് സമീപമായാണ് അപകടം. പരിക്ക് പറ്റിയ മുഴുവനാളുകളെയും ഉടന്‍ തന്നെ അടുത്തുള്ള ആസ്​പത്രികളില്‍ എത്തിച്ചു. വേഗത്തില്‍ വന്ന വാഹനം പെട്ടെന്ന് വളച്ചതാണ് അപകടകാരണമെന്ന് അല്‍ ദഫ്‌റ ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മുഹല്ലം അല്‍ മഹ്‌റാമി പറഞ്ഞു.

രാജ്യാതിര്‍ത്തികള്‍ താണ്ടി വരുന്ന ദീര്‍ഘദൂര യാത്രക്കാര്‍ തിരക്ക് കുറഞ്ഞ ഭാഗങ്ങളില്‍ വാഹനം അല്പസമയം നിര്‍ത്തി ക്ഷീണം മാറ്റിയ ശേഷമേ വാഹനമോടിക്കാന്‍ പാടുള്ളുവെന്ന് പോലീസ് നിര്‍ദേശിച്ചു. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ നിര്‍ബന്ധമായും ഡ്രൈവര്‍മാര്‍ വിശ്രമിക്കണം.