അബുദാബി: വിമാനം പറത്തേണ്ടതെങ്ങനെയെന്ന് കൃത്യമായി പൈലറ്റിന് പറഞ്ഞുകൊടുത്തു ഒരു ആറുവയസ്സുകാരന്‍. യു.എ.ഇ.യില്‍നിന്ന് മൊറോക്കോയിലേക്ക് പറന്ന ഇത്തിഹാദ് വിമാനത്തിലാണ് കൗതുകകരമായ സംഭവം. വിമാനം ലാന്‍ഡ് ചെയ്തശേഷം കോക്പിറ്റിലെത്തിയ ഈജിപ്ഷ്യന്‍ മൊറോക്കന്‍ വംശജനായ ആദം മുഹമ്മദ് അമീറാണ് പൈലറ്റുമാരെ വിമാനംപറത്താന്‍ പഠിപ്പിച്ചത്.
 
വിമാനം പറത്തുമ്പോഴുണ്ടാവുന്ന അടിയന്തരസന്ദര്‍ഭങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കുട്ടി പൈലറ്റുമാരെ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു. അടിയന്തരഘട്ടങ്ങള്‍ കൈകാര്യം ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ സാങ്കേതികനാമങ്ങളും കുട്ടി പറഞ്ഞത് ഏറെ കൗതുകമായി. കോക്പിറ്റിലെ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വിമാനത്തെപ്പറ്റിയുള്ള കുട്ടിയുടെ സംസാരം ശ്രദ്ധയില്‍പ്പെട്ട ഫ്‌ളൈറ്റ് അറ്റെന്‍ഡറാണ് കുട്ടിയെ പൈലറ്റുമാരെ കാണാന്‍ കോക്പിറ്റിലേക്ക് കൊണ്ടുപോയത്. കൈയില്‍ കടലാസോ പുസ്തകമോ ചൂലോ ആണെങ്കിലും അത് വിമാനം പറത്തുന്ന രീതിയില്‍ കാണിക്കുക കുട്ടിയുടെ ശീലമാണെന്ന് അല്‍ ഐന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ജീവനക്കാരനായ പിതാവ് മുഹമ്മദ് അമീര്‍ പറഞ്ഞു.
 
അമ്മയുടെ ശിക്ഷണത്തില്‍ ചെറുപ്രായത്തിലേ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കിയ ആദമിന്റെ വിനോദങ്ങളില്‍ വിമാനവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികള്‍ കാണലും പുസ്തകങ്ങള്‍ വായിക്കലുമെല്ലാമാണ് പ്രധാനം. അല്‍ ഐനില്‍ ഒന്നാംതരത്തില്‍ പഠിക്കുന്ന കുട്ടിക്ക് പൈലറ്റാവണമെന്നാണ് ആഗ്രഹം.