അബുദാബി: ജവഹര്‍ സൈഫ് അല്‍ ഖുമൈത്തിക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. അബുദാബി ഇന്ത്യന്‍ എംബസിയും ഗാന്ധി സാഹിത്യവേദിയും ചേര്‍ന്ന് സംഘടിപ്പിച്ച ഗാന്ധിദിനാചരണ പരിപാടിയിലാണ് ഇന്ത്യന്‍ ഡ്രൈവറെ പര്‍ദ ഉപയോഗിച്ച് തീയില്‍ നിന്ന് രക്ഷിച്ച സ്വദേശി വനിത ജവഹറിനെ ആദരിച്ചത്. എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസിയുടെ ഉപഹാരം സ്ഥാനപതി നവദീപ് സിങ് സൂരിയും ഗാന്ധി സാഹിത്യവേദിയുടെ ഉപഹാരം പ്രസിഡന്റ് വി.ടി.വി. ദാമോദരനും സമ്മാനിച്ചു.

സഹജീവികള്‍ക്ക് സഹായംനല്‍കാന്‍ ജാതിയും മതവും വര്‍ണവും വര്‍ഗവും ബാധ്യതയാവരുതെന്ന് ആദരവേറ്റുവാങ്ങി ജവഹര്‍ പറഞ്ഞു. ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് ഓരോവര്‍ഷവും പ്രസക്തിയേറിവരികയാണെന്ന് നവദീപ് സിങ് സൂരി പറഞ്ഞു.

അബുദാബിയിലെ വിവിധ വിദ്യാലയങ്ങളില്‍ മികച്ചവിജയം നേടിയ കുട്ടികള്‍ക്ക് 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' സമ്മാനമായി നല്‍കി. ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും വിവിധ ലോകരാജ്യങ്ങളില്‍ ഗാന്ധിചിത്രത്തോടുകൂടി പുറത്തിറക്കിയ സ്റ്റാമ്പുകളുടെ പ്രദര്‍ശനം നടത്തിയുമാണ് ചടങ്ങ് അവസാനിച്ചത്.

ഫുജൈറ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഖാലിദ് അല്‍ ധന്‍ഹാനി, ശൈഖ ലുബ്‌ന ഖാസിം, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, വി.ടി.വി. ദാമോദരന്‍, ഗാന്ധി സാഹിത്യവേദി ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍

എംബസി സെക്കന്‍ഡ് സെക്രട്ടറി കപില്‍ രാജ് പരിപാടികള്‍ നിയന്ത്രിച്ചു.