അബുദാബി: നാല് പതിറ്റാണ്ട് മദ്യശാലയിലെ സേവനത്തിനുശേഷം പട്ടാമ്പി സ്വദേശി ശ്രീകുമാര്‍ മേനോന്‍ നാട്ടിലേക്ക് മടങ്ങുകയാണ്. ഇനി നാട്ടില്‍ പച്ചക്കറി കൃഷിയുമായി സജീവമാകണമെന്ന മോഹത്തോടെയാണ് പ്രവാസജീവിതം അവസാനിപ്പിക്കുന്നത്.

പാലക്കാട് പട്ടാമ്പി സ്വദേശിയായ ശ്രീകുമാര്‍ മേനോന്‍ 24-ാം വയസ്സിലാണ് ഗള്‍ഫിലെത്തുന്നത്. അന്നുമുതല്‍ 64-ാം വയസ്സുവരെ ഗള്‍ഫില്‍ മദ്യശാലയില്‍ തന്നെ ജോലി. ഗള്‍ഫിലെ പ്രമുഖ മദ്യവില്പനശാലയായ ഗ്രെമക്കെന്‍സിയില്‍ 18 വര്‍ഷം ബഹ്ൈറനിലും പിന്നീട് 22 വര്‍ഷം അബുദാബിയിലും സേവനമനുഷ്ഠിച്ചശേഷം ഓഗസ്റ്റ് 15-ന് ശ്രീകുമാര്‍ മേനോന്‍ വിരമിച്ചു.
 
ഗ്രെമക്കെന്‍സിയുടെ ഷോപ്പ് മാനേജര്‍ എന്ന നിലയില്‍ ആയിരക്കണക്കിന് ഉപഭോക്താക്കളുടെ ഊഷ്മള സൗഹൃദം ശ്രീകുമാര്‍ മേനോന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. മദ്യം കഴിക്കുന്നവര്‍ക്ക് ഏറ്റവും മാന്യമായി മദ്യം വാങ്ങാനുള്ള ഗള്‍ഫിലെ സൗകര്യം കേരളത്തിലും ഉണ്ടാകണമെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. കേരള സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നികുതിവരുമാനം നേടിക്കൊടുക്കുന്ന മദ്യപന്മാരെ പൊരിവെയിലത്ത് വരിനിര്‍ത്തിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു.

അമുസ്ലീങ്ങളായ എല്ലാവര്‍ക്കും കുറഞ്ഞ ശമ്പളക്കാര്‍ക്ക് പോലും മദ്യം വാങ്ങാനുള്ള പെര്‍മിറ്റ് അബുദാബിയില്‍ ലഭ്യമാണ്. മദ്യത്തെക്കുറിച്ചും മദ്യം വിളമ്പുന്നതിനെക്കുറിച്ചും മദ്യം കഴിക്കുന്നതിനെക്കുറിച്ചും ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ശ്രീകുമാര്‍ മേനോന്‍ 28-ന് ഗള്‍ഫിനോട് വിടപറയും. ഗള്‍ഫ് ജീവിതത്തിനിടെ നിരവധിപേര്‍ക്ക് ജോലി, നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹസഹായം, പഠനച്ചെലവുകള്‍ക്ക് സഹായം എന്നിവയൊക്കെ ശ്രീകുമാര്‍ മേനോന്റെ നന്മകളാണ്. മകന്‍ പ്രവീണും മകള്‍ സംഗീതയും ദുബായിലുണ്ട്. പാലക്കാട് കുമാരനെല്ലൂരിലെ വീട്ടില്‍ ഭാര്യ വസന്തയ്‌ക്കൊപ്പം ഇനിയുള്ള കാലം പച്ചക്കറി കൃഷിചെയ്ത് ജീവിക്കണമെന്നാണ് ശ്രീകുമാര്‍ മേനോന്റെ ആഗ്രഹം.