അബുദാബി: യു.എ.ഇ.യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച 'സന്തുക് അല്‍ വതന്‍' എന്ന പദ്ധതിയിലേക്ക് പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് 10 ലക്ഷം ദിര്‍ഹം സംഭാവന ചെയ്യും. യു.എ.ഇ.യിലെ സര്‍ക്കാരിതരമേഖലയിലെ രാഷ്ട്രപുനര്‍നിര്‍മാണത്തിന് ധനസമാഹരണം നടത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് 'സന്തുക് അല്‍ വതന്‍' എന്ന പേരില്‍ അറിയപ്പെടുന്നത്.

രാഷ്ട്രനിര്‍മാണത്തിനുള്ള ആശയങ്ങളും പദ്ധതികളും വിഭാവനംചെയ്യുക സന്തുക് അല്‍ വതന്റെ പ്രവര്‍ത്തനങ്ങളാണ്. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി സന്തുക് അല്‍ വതന്‍ പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതികള്‍ ഏറ്റെടുക്കും. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ അല്‍ നഹ്യാന്‍, സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍, ഭരണാധികാരികള്‍, ബിസിനസ് പ്രമുഖര്‍ എന്നിവരുടെ അനുഗ്രഹാശിസ്സുകളോടെയാണ് സന്തുക് അല്‍ വതന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

യു.എ.ഇ. എന്ന രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും ഉന്നമനത്തിനായി സന്തുക് അല്‍ വതന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു.