അബുദാബി: എറണാകുളം ഞാറയ്ക്കല്‍ സ്വദേശി സ്റ്റാന്‍ ആന്റണി അബുദാബിയില്‍ എഞ്ചിനീയറായി ജോലിചെയ്തുവരികയാണ്. കോവിഡ് പരിശോധനയ്ക്ക് മുസഫയില്‍ ആരോഗ്യവകുപ്പിന്റെ ടെന്റിലെത്തിയപ്പോഴാണ് ആരുടെയോ കളഞ്ഞുപോയ പേഴ്സ് അദ്ദേഹത്തിന് ലഭിക്കുന്നത്. തുറന്നുനോക്കിയപ്പോള്‍ ഒരുപാട് കാര്‍ഡുകളും ഫിലിപ്പൈന്‍സിലേക്ക് പണമയച്ച ഒരു രശീതും മാത്രമാണ് കാണാനായത്. മണി എക്‌സ്‌ചേഞ്ച് വഴി പണമയച്ച രശീതില്‍ ബന്ധപ്പെടാനുള്ള നമ്പറും പേരുമെല്ലാമുണ്ട്.

അതിലേക്ക് വിളിച്ചപ്പോള്‍ ഫിലിപ്പിനോ യുവാവ് മറുതലയ്ക്കല്‍ ഹലോ പറഞ്ഞു. ഡെലിവറിബോയ് ആയ ഫിലിപ്പിനോ സ്വദേശി പതിവ് കോവിഡ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഉച്ചയ്ക്കാണ് പേഴ്സ് നഷ്ടമായതെന്ന് അറിയാനായി. നേരിട്ടുകാണുമ്പോള്‍ തിരികെനല്‍കാമെന്ന ഉറപ്പില്‍ ഇരുവര്‍ക്കും സൗകര്യപ്രദമായ ലൊക്കേഷനും അയച്ച് പിരിഞ്ഞു.

വൈകീട്ട് കേക്ക് ഷോപ്പിലെ ഡെലിവറി ബോയ് ആയ റൊണാള്‍ഡ് ബെല്‍തസര്‍ എന്ന 38 കാരനെത്തി. എമിറേറ്റ്‌സ് ഐ.ഡി കാണിച്ച ശേഷം ആളിതുതന്നെയെന്ന് ഉറപ്പാക്കിയ സ്റ്റാന്‍ പേഴ്‌സ് കൈമാറി. ഈ സന്തോഷത്തിന് ഒരു കഷ്ണം കേക്ക് തന്റെ ഷോപ്പിലെത്തി കഴിക്കാന്‍ റൊണാള്‍ഡ് നിര്‍ബന്ധിച്ചെങ്കിലും സ്റ്റാന്‍ സന്തോഷത്തോടെ നിരസിച്ചു. എങ്കില്‍ താമസകേന്ദ്രത്തിന്റെ ലൊക്കേഷന്‍ വാട്ട്‌സാപ്പില്‍ നല്‍കണമെന്നും കേക്ക് അവിടെയെത്തിക്കുമെന്നായി റൊണാള്‍ഡ്. സ്‌നേഹത്തോടെ അതിനും നന്ദിപറഞ്ഞ് സ്റ്റാന്‍ മടങ്ങി.

പിന്നീടാണ് കഥയില്‍ ട്വിസ്റ്റ് സംഭവിക്കുന്നത്. രണ്ടുദിവസം കഴിഞ്ഞ് പത്രം വായിക്കവേ സ്റ്റാന്‍ ഒന്ന് ഞെട്ടി, താന്‍ പേഴ്സ് കൈമാറിയ യുവാവിന്റെ ചിത്രം പത്രത്തില്‍. ചുവടെയുള്ള വാര്‍ത്ത പരിശോധിച്ചപ്പോള്‍ ഫിലിപ്പിനോ സ്വദേശിക്ക് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനമെന്നതായിരുന്നു അതില്‍. അതിശയത്തോടെ റൊണാള്‍ഡിനെ വിളിച്ച് ഈ ഭാഗ്യവാന്‍ താനാണോ എന്ന് ചോദിച്ചപ്പോള്‍ അതേയെന്ന മറുപടിയും ലഭിച്ചു.

അങ്ങനെയെങ്കില്‍ അന്ന് പറഞ്ഞിരുന്ന കേക്ക് സന്തോഷത്തിന് കൊണ്ടുവരണമെന്ന് പറഞ്ഞ് ഇരുവരും സന്തോഷത്തോടെ ഫോണ്‍ വെച്ചു. അമ്മയുടെ സ്വപ്നം പോലൊരു വീടും സ്ഥലവും സ്വന്തമാക്കുകയാണ് ഈ ഫിലിപ്പിനോ യുവാവിന്റെ ആഗ്രഹം.