അബുദാബി: ആയിരം ദിര്‍ഹത്തിന് അബുദാബിയില്‍ ബിസിനസ് തുടങ്ങാന്‍ പുതിയ പദ്ധതി. ലൈസന്‍സ് പുതുക്കാനും ഇതേ തുക മതിയാകും. സ്വകാര്യമേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് ഫീസില്‍ 90 ശതമാനത്തിലേറെ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. നാളെ മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും.

ബിസിനസ് ലൈസന്‍സിനൊപ്പം സാമ്പത്തിക വികസന വിഭാഗം, നഗരസഭ, ചേംബര്‍ ഓഫ് കൊമേഴ്‌സ്, സര്‍ട്ടിഫിക്കറ്റ് ഓഫ് കണ്‍ഫര്‍മിറ്റി ഫീസ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫീസുകളെല്ലാം ചേര്‍ത്താണ് 1000 ദിര്‍ഹം. ചില വകുപ്പുകള്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കിയപ്പോള്‍ മറ്റു ചില വകുപ്പുകള്‍ വന്‍ ഇളവ് നല്‍കുകയായിരുന്നു.

ബിസിനസ്  സൗഹൃദ എമിറേറ്റാക്കി അബുദാബിയുടെ മത്സരക്ഷമത മേഖല രാജ്യാന്തര തലത്തിലേക്കു മാറ്റുകയാണ് ലക്ഷ്യം. നിക്ഷേപകര്‍ക്ക് ബിസിനസ് തുടങ്ങാന്‍ ലളിതവും സുതാര്യവുമായ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അബുദാബി സാമ്പത്തിക വികസന വിഭാഗം ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷറഫ് പറഞ്ഞു.

പുതുമകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിലവിലുള്ള ബിസിനസുകാര്‍ക്ക് മെച്ചപ്പെട്ട സാഹചര്യം ഒരുക്കുന്നതിലുടെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയും ലക്ഷ്യമിടുന്നു. അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണു പദ്ധതി.