അബുദാബി: 26-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഏപ്രില്‍ 27- ന് നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമാവും. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള എഴുത്തുകാരും സൃഷ്ടികളും പ്രസാധകരുമെല്ലാം അണിനിരക്കുന്ന പുസ്തകോത്സവത്തില്‍ ഇത്തവണ അറബ് സിനിമാ ലോകത്തിന്റെ പ്രാതിനിധ്യവുമുണ്ടാവും.

അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ സാഹിത്യ സമ്മേളനങ്ങളും കവിയരങ്ങുകളും അരങ്ങേറും. യു.എ.ഇയുടെ സംസ്‌കൃതി തുറന്ന് കാണിക്കുന്ന സൃഷ്ടികളുടെ ഏകീകരണമായ കിതാബും പുസ്തകോത്സവത്തിന്റെ പ്രത്യേകതയായിരിക്കും. പുസ്തകോത്സവത്തിന്റെ ഈ വര്‍ഷത്തെ അതിഥിരാജ്യമായി ആദരിക്കുന്നത് ഇറ്റലിയെയാണ്. ഇസ്ലാമിക പണ്ഡിതനും തത്വജ്ഞാനിയുമായ ഇബ്ന്‍ റഷ്ദിനെയാണ് പ്രധാന വ്യക്തിത്വമായി ആദരിക്കുന്നത്.

പത്ത് അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള 18 സിനിമകള്‍ ഇത്തവണ പ്രദര്‍ശിപ്പിക്കും. പുസ്തകങ്ങളെയും സിനിമകളെയും കൂടുതലടുത്തറിയുക എന്ന ലക്ഷ്യവുമായാണ് 'ബ്ലാക്ക് ബോക്‌സ് സിനിമ' എന്ന പേരില്‍ സിനിമാ പ്രദര്‍ശനവും സിനിമാ ചര്‍ച്ചയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. മെയ് മൂന്ന് വരെ നടക്കുന്ന പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത് സെന്ററിലെ 73,000 ചതുരശ്ര മീറ്ററിലാണ്. 1981ല്‍ ഇസ്ലാമിക് ബുക്ക് ഫെയര്‍ എന്ന പേരില്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനാണ് പുസ്തകോത്സവത്തിന് തുടക്കം കുറിച്ചത്. 1986- ല്‍ അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവമെന്നപേരിലറിയപ്പെട്ട് തുടങ്ങി. അബുദാബി പൈതൃക സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് പുസ്തകോത്സവം.