അബുദാബി: യു .എ.ഇ.യിലെ മാളുകളും ക്രിസ്മസ് ലഹരിയില്‍. ലോകം ക്രിസ്മസ് ആഘോഷിക്കുന്ന രാവില്‍ വ്യത്യസ്തമായ പരിപാടികളോടെയാണ് അബുദാബി ഖാലിദിയ ലുലു മാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. നീളന്‍ വെള്ളി ഫ്രോക്കണിഞ്ഞെത്തിയ സിന്‍ഡ്രല്ലയാണ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടിയത്. മാജിക്കും സര്‍ക്കസുമായി കോമാളികളും സമ്മാനപ്പൊതികളും മധുരപലഹാരങ്ങളുമായി സാന്റയും ആഘോഷങ്ങള്‍ കൊഴുപ്പിച്ചു.

മഞ്ഞുമൂടിയ ക്രിസ്മസ് വില്ലേജാണ് ഒരുക്കിയത്. മാളിലെത്തിയ നൂറുകണക്കിനാളുകള്‍ക്ക് മഞ്ഞുപെയ്യുന്ന ക്രിസ്മസ് വില്ലേജ് അനുഭവവം മറക്കാത്തതായി. റഷ്യയില്‍നിന്നും ഉക്രെയിനില്‍നിന്നുമുള്ള കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിച്ചത്. നൃത്തവും സംഗീതവും ജിംഗില്‍ ബെല്ലും കണ്ട് പ്രത്യേകം തയ്യാര്‍ ചെയ്ത പ്ലം കേക്കും കഴിച്ചാണ് സന്ദര്‍ശകര്‍ മടങ്ങിയത്.
 
കുട്ടികള്‍ക്കായി ചിത്രരചന, കാര്‍ട്ടൂണ്‍ വര തുടങ്ങിയവയും സംഘടിപ്പിച്ചു. ഒരാഴ്ചയിലധികം നിലനില്‍ക്കുന്ന ആഘോഷങ്ങളാണ് മാളില്‍ നടക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആഘോഷിക്കാനുള്ള വകയാണ് ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മാളില്‍ ഒരുക്കിയിട്ടുള്ളതെന്ന് മാനേജര്‍ മൈനാക് എം. പല്‍ പറഞ്ഞു